പ്രഹസനമായി ഹൗസ്ബോട്ടുകളിലെ പരിശോധന; ലൈസൻസ് എടുക്കാൻ രണ്ട് മാസം അനുവദിച്ചു

ആലപ്പുഴയിൽ ഹൗസ് ബോട്ടുകളില്‍ വിവിധവകുപ്പുകള്‍ നടത്തിയ പരിശോധന പ്രഹസനം. രണ്ടുദിവസം നീണ്ട പരിശോധനയില്‍ ലൈസന്‍സില്ലാത്ത ബോട്ടുകള്‍ കണ്ടെത്താനായില്ല. അനുമതി ഇല്ലാത്ത ബോട്ടുകൾക്ക് അംഗീകാരം നേടാൻ ജില്ലാഭരണകൂടം രണ്ടുമാസത്തെ സാവകാശവും അനുവദിച്ചു.

അനധികൃത ബോട്ടുകൾക്ക് അംഗീകാരം നേടുന്നതിനു വ്യവസ്ഥകൾ തടസ്സമാകുമെങ്കിൽ വിഷയം ജില്ലാ ഭരണകൂടം സർക്കാരിനെ അറിയിക്കും.  ബോട്ടുകൾക്ക് ഗ്രേഡിങ് ഏർപ്പെടുത്തും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എന്നാല്‍ പാതിരാമണലിന് സമീപം ഹൗസ്ബോട്ട് കത്തിനശിക്കുകയും സഞ്ചാരികള്‍ അല്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ ബോട്ടുകളില്‍ നടത്തിയ പരിശോധന, ഫലം കണ്ടില്ല. അനുമതിയുളളതിനേക്കാള്‍ ഇരട്ടി ഹൗസ് ബോട്ടുകള്‍ വേമ്പനാട്ടുകായലില്‍ ഉണ്ടെങ്കിലും ഒരെണ്ണംപോലും പിടികൂടാനായില്ല

രജിസ്ട്രേഷന്‍ ഇല്ലാത്ത ബോട്ടുകൾക്ക് രണ്ടുമാസത്തെ സാവകാശമാണ് നല്‍കിയിരിക്കുന്നത്. 2015 ന് ശേഷം പുതിയ ബോട്ടുകള്‍ക്ക് അനുമതി നല്‍കേണ്ടെ എന്ന സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കേണ്ടിയും വരും. ഹൗസ്ബോട്ടുകളിലെ ജീവനക്കാർക്ക് സുരക്ഷാ സംബന്ധമായ കാര്യങ്ങളിൽ പരിശീലനം നൽകാനും ദുരന്തനിവാര അതോറിറ്റി യോഗം തീരുമാനമെടുത്തിട്ടുണ്ട് .