ഒരു കോടി ചെലവിൽ ശ്മശാനം; ജനങ്ങൾക്ക് തുറന്നുകൊടുക്കാതെ പഞ്ചായത്ത്

തിരുവനന്തപുരം മാറനല്ലൂരില്‍ ഒരുകോടി രൂപ മുടക്കി നിര്‍മിച്ച വൈദ്യുതശ്മശാനം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാതെ പഞ്ചായത്ത്. ശ്മശാനത്തിനായി സ്ഥാപിച്ച വൈദ്യുത ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയിലെ തര്‍ക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 

മാറനല്ലൂര്‍ പഞ്ചായത്തിലെ ഒരേക്കര്‍ അറുപത്തിയഞ്ച് സെന്റ്  സ്ഥലത്താണ് തിരുവനന്തപുരം ശാന്തികവാടം മാതൃകയില്‍ ആത്മനിദ്രാലയം എന്ന പേരില്‍ ശ്മശാനം നിര്‍മിച്ചത്. എഴുപത്തിയഞ്ച് ലക്ഷം രൂപയയായിരുന്നു ചെലവ്. 2015 ലാണ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍ നാളിതുവരെയായി പൊതുജനങ്ങള്‍ക്കായി ശ്മശാനം തുറന്നുകൊടുക്കാനായിട്ടില്ല. ശ്മശാനത്തിന്റെ നിര്‍മാണം തുടങ്ങിയതുമുതല്‍ മൂന്ന് തവണ പഞ്ചായത്ത് ഭരണസമിതി നേതൃത്വം മാറി. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും ഭരണത്തിലെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കമ്പനിക്ക് സര്‍ക്കാര്‍ തുക കൈമാറാത്തതാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് തടസമെന്ന് പഞ്ചായത്തിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസും പറയുന്നു.

പതിനെട്ട് മാസത്തോളം ബിജെപി പഞ്ചായത്ത് ഭരിച്ചപ്പോള്‍ സര്‍ക്കാര്‍ മനപ്പൂര്‍വ്വം ഉദ്ഘാടനം വൈകിച്ചതെന്നാണ് ബിജെപിയുടെ അരോപണം.നാടിന് ആവശ്യമായ ശ്മശാനം എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.