തിയേറ്റർ സമുച്ചയം നിർമ്മിക്കാൻ ഒരുങ്ങി കെഎസ്എഫ്ഡിസി; പ്രതീക്ഷയോടെ നാട്ടുകാർ

സംസ്ഥാന ചലച്ചിത്ര വികസനകോര്‍പറേഷന്‍ , തിരുവല്ലയില്‍ പുതിയ തീയേറ്റര്‍ സമുച്ചയം നിര്‍മിക്കാനൊരുങ്ങുന്നു. പബ്ലിക് സ്റ്റേഡിയത്തിന് സമീപത്തെ ബാസ്കറ്റ്ബോള്‍കോര്‍ട്ട് ഉള്‍പ്പെടുന്ന സ്ഥലം ഇതിനായി വിട്ടുനല്‍കാനാണ് നഗരസഭയുടെ ആലോചന. കായികപ്രേമികളുടെ എതിര്‍പ്പ് ഉയരാന്‍ സാഹചര്യമുളളതിനാല്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിനായി പുതിയ സ്ഥലം കണ്ടെത്താനൊരുങ്ങുകയാണ് നഗരസഭ. 

തിരുവല്ല നഗരത്തില്‍ അത്യാധുനീക സൗകര്യങ്ങളുള്ള തിയേറ്റര്‍ സമുച്ചയംവേണമെന്ന സിനിമാപ്രേമികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിന് പരിഹാരമായി, 300 ഇരിപ്പിടങ്ങളുളള രണ്ട് തീയേറ്ററുകളാണ് കെ.എസ്.എഫ്.ഡി.സി നിര്‍മിക്കാന്‍ ആലോചിക്കുന്നത്. പബ്ലിക് സ്റ്റേഡിയത്തിന് സമീപത്തെ ബാസ്കറ്റ്ബോള്‍കോര്‍ട്ട് ഉള്‍പ്പെടുന്ന സ്ഥലം വിട്ടുനല്‍കാനുള്ള ആലോചനയിലാണ് നഗരസഭ. മഴപെയ്താല്‍ ഉപയോഗശൂന്യമാകുന്ന ഈ സ്ഥലം, തിയേറ്ററിന് അനുയോജ്യമായ രീതിയില്‍ നിര്‍മിച്ചെടുക്കണം.  പത്ത് വര്‍ഷംമുന്‍പ് നിര്‍മിച്ച രണ്ട് ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകളില്‍ ഒന്ന് മാത്രമേ മാറ്റേണ്ടതുള്ളുവെന്നാണ് വിലയിരുത്തല്‍ . 

സ്ഥലംവിട്ടുനല്‍കുന്നത് സംബന്ധിച്ച് നഗരസഭാ കൗണ്‍സില്‍ ചര്‍ച്ചചെയ്തു. തുടര്‍പ്രവര്‍ത്തനത്തിനായി പൊതുമരാമത്ത് സ്ഥിരംസമിതിയെ ചുമതലപ്പെടുത്തി. നഗരസഭാ ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍പോലെ, ഇതും വെറും പ്രഖ്യാപനംമാത്രമായി ഒതുങ്ങരുതേയെന്നാണ് നാട്ടുകാര്‍ ആശിക്കുന്നത്.