പ്രതിഷേധം കനത്തു; കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

ജലസേചന വകുപ്പിലെ വനിതാ ജീവനക്കാരിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ കൊല്ലം കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. സിപിഐകാരനായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ മുന്നണിയില്‍ നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി. അതേസമയം തന്റെതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ജെ.ക്ലീറ്റസിന്റെ വാദം.   

ചെറുകിട ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനിയറോടും അവരുടെ ഭര്‍ത്താവിനോടും ഫോണിലൂടെ അസഭ്യം പറഞ്ഞ കിഴക്കേകല്ലട പഞ്ചായത്തു അധ്യക്ഷന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ജെ.ക്ലീറ്റസിനുള്ള പിന്തുണ പിന്‍വലിക്കാന്‍  സിപിഎം കിഴക്കേ കല്ലട ലോക്കല്‍ കമ്മറ്റിയും തീരുമാനിച്ചു. ജില്ലാ നേതാക്കളുടെ സാനിധ്യത്തില്‍ ചേര്‍ന്ന സിപിഐ മണ്ഡലം കമ്മിറ്റി യോഗം ജെ.ക്ലീറ്റസിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങളെ പറ്റിയുള്ള ജെ.ക്ലീറ്റസിന്റെ വാദമിതാണ്.  

ചിറ്റുമല ചിറയുടെ ഷട്ടര്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വനിതാ ഉദ്യോഗസ്ഥയെ ജെ.ക്ലീറ്റസ് ഫോണിലൂടെ അസഭ്യം പറഞ്ഞെന്നാണ് ആരോപണം. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ച ഇവരുടെ ഭര്‍ത്താവിനെ ഭിഷണിപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.