മെഡിക്കൽ കോളെജിൽ സാമൂഹിക വിരുദ്ധ ശല്യം; കർശന നടപടിയെന്ന് പൊലീസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങൾ കല്ലുകൊണ്ട് കോറി വൃത്തികേടാക്കി. സുരക്ഷ ജീവനക്കാരനാണ് പിറകിലെന്ന് വാഹന ഉടമകള്‍ ആരോപിച്ചു. മെഡിക്കല്‍ കോളജ് പൊലീസിലും  ആശുപത്രി അധികൃതര്‍ക്കും ഉടമകള്‍ പരാതി നല്‍കി. 

പുതിയ മോര്‍ച്ചറി കെട്ടിടത്തിന് മുന്‍വശത്തുള്ള റോഡിലായിരുന്നു വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. ഈ മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. സ്ഥലത്തുണ്ടായിരുന്ന സുരക്ഷ ജീവനക്കാരും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനെ എതിര്‍ത്തില്ല. 

ഡോക്ടറെ കണ്ട് തിരിച്ച്  എത്തിയപ്പോഴായിരുന്നു വാഹനങ്ങളില്‍ കല്ല് ഉപയോഗിച്ച് വരച്ചത് ഉടമകളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പൊലീസിനും പരാതി നല്‍കി. അന്വേഷണത്തിനായി സെക്യൂരിറ്റി ഓഫീസറെ ചുമതലപ്പെടുത്തിയതായും കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.