ചെറിയന്നൂര്‍ പാടശേഖരത്തിന് ഭീഷണിയായി നിലം നികത്തല്‍

തിരുവനന്തപുരം വര്‍ക്കലയിലെ നെല്‍കൃഷി കേന്ദ്രമായ ചെറിയന്നൂര്‍ പാടശേഖരത്തിന് ഭീഷണിയായി നിലം നികത്തല്‍. തണ്ണീര്‍ത്തടമുള്‍പ്പെടെ നികത്തി പ്ലോട്ടുകളായി തിരിച്ച് വില്‍ക്കാനാണ് നീക്കം. കോഴിഫാമിന്‍റെ രൂപത്തില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ തുടങ്ങിയ പദ്ധതിയാണ് നികത്തലിന്‍റെ പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ചെറുന്നിയൂർ പഞ്ചായത്തിൽ നെൽകൃഷി നടന്നിരുന്ന ഏറ്റവും വിസ്തൃതമായ പാടശേഖരങ്ങളിലെന്നായ പാലച്ചിറയിൽ അവശേഷിച്ചിരുന്ന പച്ചപ്പു കൂടി ഇല്ലാതാവുകയാണ്. ചെറുന്നിയൂർ പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണസമിതിയിലെ സ്ഥിര സമിതി അദ്ധ്യക്ഷന്റെ നേതൃത്വത്തിലാണ് നിലംനികത്തൽ നടക്കുന്നതെന്നാണ് ഡി.സി.സി.ജനറൽ സെക്രട്ടറി ജോസഫ് പെരേരയുടെ ആരോപണം. പഞ്ചായത്തിൽ പരമ്പരാഗത പാടശേഖരങ്ങളുടെ പല ഭാഗങ്ങളും ഇത്തരത്തിൽ കൈയ്യേറി മണ്ണിട്ട് നികത്തുകയാണ്.

കർശനമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് ‌ കോൺഗ്രസ് നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് എസ്.ഓമനകുട്ടൻ അറിയിച്ചു. നിയമങ്ങളെ നോക്കുകുത്തിയാക്കി നടക്കുന്ന പാടം നികത്തിലിനെതിരെ സര്‍ക്കാര‍് സംവിധാനങ്ങള്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.