ശബരിമല ഉത്സവത്തിനു ഭക്തി സാന്ദ്രമായ ആറാട്ടോടെ സമാപനം

ശബരിമല ഉത്സവത്തിനു ഭക്തി സാന്ദ്രമായ ആറാട്ടോടെ സമാപനം. പത്തു ദിവസത്തെ ഉൽസവം പൂർത്തിയാക്കി കൊടിയിറങ്ങി. ചിത്തിര ആട്ടവിളക്കു ഉത്സവത്തിനും, മണ്ഡലകാലത്തിനും വിഭിന്നമായി സമാധാനപരമായുള്ള ഉൽസവ കാലമായിരുന്നു ഇത്തവണത്തേത്.  

സന്നിധാനത്തു നിന്നു ആനപ്പുറത്തെഴുന്നള്ളിച്ച വിഗ്രഹവുമായി പമ്പയിലെ ആറാട്ടുകടവിൽ തന്ത്രി കണ്ഠര് രാജീവര് മുങ്ങി നിവർന്നതോടെ ഈ വർഷത്തെ ആറാട്ടുചടങ്ങുകൾ പൂർത്തിയായി. ഗണപതി കോവിലിലെ പ്രത്യേക ആറാട്ടു മണ്ഡപത്തിലെത്തിച്ച വിഗ്രഹം വൈകുന്നേരത്തോടെ തിടമ്പേറ്റി ഘോഷയാത്രയായി സന്നിധാനത്തേക്ക്. നിറപറയും നിലവിളക്കുമായി ഭക്തർ ആറാട്ടു ഘോഷയാത്രയെ വരവേറ്റു.വലിയ നടപന്തലിലെ സേവക്ക് ശേഷം പതിനെട്ടാം പടി കയറി.ഭക്തർ കൈകൂപ്പി ശരണം വിളിച്ചു.

പിന്നീട് ഉൽസവത്തിനു സമാപനം കുറിച്ചു കൊടിയിറക്കി. പൂജകൾക്ക് ശേഷം ഹരിവരാസനം പാടി നട അടച്ചു. ഇത്തവണത്തെ ഉത്സവകാലത്ത് യുവതി പ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ഉണ്ടായില്ല. ഇനി വിഷു പൂജകൾക്കായി ഏപ്രിൽ 10നു നട തുറക്കും.