'ആദ്യം പട്ടയം പിന്നെ വോട്ട്'; സമരം ശക്തമാക്കി പൊന്തൻ പുഴ സമരസമിതി

പട്ടയം അനുവദിക്കാത്തതിനെതിരെ സമരം ശക്തിപ്പെടുത്തി പൊന്തൻ പുഴ സമരസമിതി. സമരം 300 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നീക്കം.

പട്ടയത്തിനായുള്ള പൊന്തൻ പുഴ - പെരുമ്പെട്ടി നിവാസികളുടെ സമരം മുന്നൂറാം ദിവസത്തിലേക്ക് കടന്നിട്ടും അധികൃതർ അനുകൂല നടപടി എടുക്കുന്നില്ല എന്നാണ് സമരക്കാരുടെ ആരോപണം. പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ റാന്നി നഗരത്തിൽ മാർച്ച് നടത്തി. മാർച്ചിൽ നൂറുകണക്കിന് കുടംബങ്ങൾ പങ്കെടുത്തു. വിളപ്പിൽശാല സമരനേതാവ്  എസ്.ബുർഹാൻ  ഉദ്ഘാടനം ചെയ്തു.

സമരസമിതിയുടെ നേതൃത്വത്തിൽ  കുടിൽ കെട്ടി നടത്തുന്ന സമരം തുടരാനാണ് തീരുമാനം. ഒപ്പം മറ്റ് പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യുന്നു.  ആദ്യം പട്ടയം പിന്നെ വോട്ട് എന്ന മുദ്രാവാക്യമാണ് സമരസമിതിമുന്നോട്ട് വയ്ക്കുന്നത്.