കാസർഗോഡ് ജില്ലാ പഞ്ചായത്ത് ബജറ്റ്; മാലിന്യസംസ്കരണത്തിന് ഊന്നൽ

മാലിന്യ സംസ്ക്കരണത്തിനും, ഊര്‍ജ്ജ സംരക്ഷണത്തിനും ഊന്നല്‍ നല്‍കി കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 50 കോടി രൂപ വകയിരുത്തി. മാലിന്യ സംസ്കരണത്തിനായി പുതിയ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. 

ഊര്‍ജോല്‍പാദനത്തില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലയ്ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ചട്ടഞ്ചാലില്‍ ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നു. സ്കൂളുകളില്‍ സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ രണ്ടു കോടി രൂപ ബജറ്റില്‍ വകയിരുത്തി. കിഫ്ബിയുമായി സഹകരിച്ച് പത്തുകോടി രൂപ മുതല്‍ മുടക്കില്‍ അധുനിക അറവുശാല നിര്‍മ്മിക്കും. നദികളുടേയും ജലസ്രോതസുകളുടേയും സംരക്ഷിണത്തിനായി ജലജീവനം എന്ന പദ്ധതിയും പ്രഖ്യാപിച്ചു.

മഹാപ്രളയത്തില്‍ രക്ഷകരായെത്തിയ മത്സ്യത്തോഴിലാളികള്‍ക്കായി പ്രത്യേക പദ്ധതികളും ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുണ്ട്. ഫൈബര്‍ വള്ളങ്ങള്‍ വാങ്ങുന്നതിനുള്ള സഹായമാണ് ഇതില്‍ പ്രധാനം. വയോജനങ്ങളുടെ ക്ഷേമത്തിനായി 99 ലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത്. സ്ത്രീശാക്തികരണത്തിനും, ശിശുക്ഷേമത്തിനും ബജറ്റില്‍  പ്രാധാന്യം നല്‍കിയിട്ടുണ്ട്.