uber-eats

തിരുവനന്തപുരം നഗരത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ കോര്‍പ്പറേഷന്‍ നടപടികള്‍ തുടങ്ങി. തുണി സഞ്ചികളില്‍ മാത്രമേ ഭക്ഷണം വിതരണം ചെയ്യാവൂവെന്ന് നിര്‍ദേശം. എന്നാല്‍ പ്ലാസ്റ്റികിന് പകരം പ്രകൃതി സൗഹൃദവസ്തുക്കള്‍ ഉപയോഗിക്കുന്നത്പ്രായോഗികമല്ലെന്ന് ഹോട്ടല്‍ പ്രതിനിധികള്‍ നിലപാടെടുത്തതോടെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായില്ല. 

വീടുകളില്‍ ഭക്ഷണം എത്തിച്ച് നല്‍കുന്ന ഓണ്‍ലൈന്‍ ഏജന്‍സികള്‍ വ്യാപകമായതോടെ, ഇവര് സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യവും ഏറിവരികയാണ്. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായാണ് ഹോട്ടലുടമകളുടെയും ഭക്ഷണ വിതരണ ഏജന്‍സികളുടെയും ആദ്യയോഗം കോര്‍പ്പറേഷന്‍ വിളിച്ചത്. ഭക്ഷണം വീടുകളിലെത്തിക്കാന്‍ പ്ലാസ്റ്റിക് കൂടിന് പകരം തുണി സഞ്ചി എന്ന നിര്‍ദേശം എല്ലാവരും അംഗീകരിച്ചതോടെ ഉടന്‍ നടപ്പാക്കും. ഇതിന് പുറമെ സ്റ്റീല്‍ പാത്രങ്ങളില്‍ ഭക്ഷണം എത്തിച്ച് വീടുകളിലെ പാത്രങ്ങളിലേക്ക് പകര്‍ന്ന് കൊടുക്കുന്ന രീതി സ്വീകരിക്കണമെന്ന് മേയര്‍ നിര്‍ദേശിച്ചു. അതിന് തയാറാകാത്തവര്‍ക്ക് പാള പോലെ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം.  

ഭക്ഷണം ബുക്ക് ചെയ്യുന്ന ആപ്ളിക്കേഷനില്‍ പ്രകൃതി സൗഹൃദ വസ്തുക്കളിലെ വിതരണം രേഖപ്പെടുത്തണം. ഇതിന് സാധാരണ നിരക്കിനേക്കാള്‍ ഉയര്‍ന്ന തുക ഈടാക്കാമെന്നും യോഗം അംഗീകാരം നല്‍കി. ഒരു കാരണവശാലം പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കരുത്. എന്നാല്‍ ഇത് എങ്ങിനെ സാധ്യമാകുമെന്നതില്‍ ഹോട്ടലുകള്‍ക്ക് ആശങ്കയുണ്ട്.

പ്ലാസ്റ്റികിന് പകരം ഉപയോഗിക്കാവുന്ന വസ്തുക്കള്‍ കൂടുതലായി നിര്‍മിക്കാന്‍ പ്രത്യേകകേന്ദ്രങ്ങള്‍ തുടങ്ങാനും കോര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ട്.