പുതുവർഷ സമ്മാനം; കൂട്ടുകാരിയ്ക്ക് വീടൊരുക്കി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ

തിരുവനന്തപുരം മാരായമുട്ടത്ത് സഹപാഠിക്ക് വീടോരുക്കി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ. മാരായമുട്ടം സര്‍ക്കാര്‍ ഹൈസ്കൂളിലെ 1991 ബാച്ചിലെ വിദ്യാര്‍ഥികളാണ് പഴയ കൂട്ടുകാരിക്ക് പുതുവല്‍സര സമ്മാനമായി വീട് നിര്‍മ്മിച്ച് നല്‍കിയത്. 

രണ്ടുവര്‍ഷം മുമ്പ് സ്കൂളില്‍ ഒരുക്കിയ സഹപാഠി കൂട്ടായ്മയുടെ വിവരം അറിയിക്കാന്‍ പോകുമ്പോഴാണ് കൂടെപ്പഠിച്ച ഇളവനിക്കര സ്വദേശി തങ്കത്തിന്റ ജീവിതാവസ്ഥ ഇവര്‍ നേരില്‍ കണ്ടത്. രോഗിയായ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കുടിലില്‍ കഴിയുന്ന കൂട്ടുകാരി. പിന്നെ ഒട്ടും വൈകിയില്ല. തങ്കത്തിന് വീടൊരുക്കാന്‍ അവര്‍ 230 പേരും ഒന്നിച്ചിറങ്ങി.  

പഴയ വീടിന് സമീപത്ത് പുതിയ വീട് പണിത കൂട്ടുകാര്‍ അന്നത്തെ അധ്യാപകനെകൊണ്ട് തന്നെ തങ്കത്തിന് താക്കോലും കൈമാറി. 450 ചതുരശ്ര അടിയിലുള്ളതാണ് വീട്.സഹപാഠികളുടെ സ്നേഹത്തെക്കുറിച്ച് പറയാന്‍ തങ്കത്തിനും നൂറ് നാവ്. 27 വര്‍ഷങ്ങള്‍ക്കുശേഷം പഴയ കലാലയ ഒാര്‍മകള്‍ ഒരിക്കല്‍ കൂടി പങ്കുവച്ചാണ് അവര്‍ പുതിയ വീട്ടില്‍ നിന്നിറങ്ങിയത്.