തങ്കഅങ്കി ഘോഷയാത്രയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

മണ്ഡലപൂജയ്ക്കും മുന്നോടിയായി നടക്കുന്ന തങ്കഅങ്കി ഘോഷയാത്രയ്ക്കും വേണ്ട ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ്. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി 26ന് സന്നിധാനത്തെത്തും. തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിജയം കണ്ടതായും വിലയിരുത്തൽ.   

41 ദിവസം നീണ്ട വ്രതശുദ്ധിയുടെ നാളുകൾക്ക് 27ന് പരിമസമാപ്തി. അയപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി കൊണ്ടുള്ള മണ്ഡലപൂജ  അന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഞായറാഴ്ച ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെടും. 26 ന് സന്നിധാനതെത്തുന്ന ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളുടെ നേതൃത്വത്തിൽ സ്വീകരിക്കും.

ഘോഷയാത്രയുടെ സമയം പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് അയക്കില്ല. മണ്ഡലക്കാലം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുകയാണ്. പതിനെട്ടാംപടിയിൽ ഉൾപ്പെടെ  പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ മൂലം  തിരക്ക് അനുഭവപ്പെടുന്നില്ല. ഭക്തർക്ക് സുഖമായ ദർശനം നടത്താൻ സാധിക്കുന്നുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.