പ്രളയം കവർന്നെടുത്തത് പത്തനംതിട്ടയിലെ ഏറ്റവും വലിയ മത്സ്യകര്‍ഷകന്റെ കൃഷിയിടം

പത്തനംതിട്ട ജില്ലയിലെ ഏറ്റവുംവലിയ മത്സ്യകര്‍ഷകന്റെ കൃഷിയിടം അപ്പാടെയാണ് മഹാപ്രളയം തകര്‍ത്തെറിഞ്ഞത്. പ്രളയംവന്ന് മുപ്പത് നാള്‍ പിന്നിടുമ്പോഴും കരകയറിയിട്ടില്ല റാന്നി സ്വദേശി ജോസ് പി. എബ്രാഹാം എന്ന മത്സ്യകര്‍ഷകന്‍. രണ്ടുകോടിയുടെ നഷ്ടമാണ് മഹാപ്രളയം ജോസിന് വരുത്തിവച്ചത്.

നഷ്ടങ്ങളുടെ കണക്കുമാത്രമേ പത്തനംതിട്ട ജില്ലയിലെ പ്രളയബാധിതര്‍ക്ക് പറയാനുള്ളു.  90 ലക്ഷം രൂപ ബാങ്ക് വായ്പെയെടുത്ത് ജോസ് പി. എബ്രാഹാം  തുടങ്ങിയ മത്സ്യകൃഷിയാണ് ഈ തകര്‍ന്നുകിടക്കുന്നത്. പ്രളയം കവര്‍ന്നെടുത്തത് ജിവനമാര്‍ഗം. വെള്ളത്തില്‍ ഒലിച്ചുപോയത് ഇതുവരെ സമ്പാദിച്ചതെല്ലാം.

40 വർഷം വിദേശത്ത് ജോലിചെയ്ത് കിട്ടിയ സമ്പാദ്യം മുടക്കിയാണ് വീടിനോടു ചേർന്നുശാസ്ത്രീയ മൽസ്യകൃഷി തുടങ്ങിയത്. പോളിഹൗസ്, വലിയ  കോൺക്രീറ്റ് കുളങ്ങൾ,  ഇടത്തരം കുളങ്ങൾ,  എന്നിവയിലെല്ലാമായി മൽസ്യ കൃഷി. വിളവെടുക്കാന്‍ പാകമായ സമയത്ത് പ്രളയമെത്തി. ഇപ്പോള്‍ വലിയ കടക്കാരനുമായി. പ്രളയജലം  ഇറങ്ങിയ ശേഷം ഫാം ഉണ്ടായിരുന്നിടം ചെളിക്കുണ്ടായി. ഫാമില്‍ പ്രളയം ബാക്കിവച്ച മീനുകള്‍ ഒന്നൊന്നായ് ചത്തൊടുങ്ങുന്നു. എല്ലാം ശരിയാക്കിയെടുക്കാനാകുമോ എന്ന ശ്രമത്തിലാണിപ്പോള്‍ ജോസ്.