ഡീസല്‍ക്ഷാമം: പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ സര്‍വീസ് മുടങ്ങി

ഡീസല്‍ക്ഷാമത്തെ തുടര്‍ന്ന് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ വ്യാപകമായി സര്‍വീസ് മുടങ്ങി. കുടിശിക നല്‍കാതെ ഇനി ഡീസല്‍ നല്‍കില്ലെന്ന് പമ്പുടമഅറിയിച്ചസാഹചര്യത്തില്‍ വരുംദിവസങ്ങളിലും പ്രതിസന്ധിതുടര്‍ന്നേക്കും. ഡീസല്‍ ഇല്ലാതായതോടെ ദീര്‍ഘദൂരസര്‍വിസിനെത്തിയ ജീവനക്കാര്‍ ഡ്യൂട്ടിയില്ലാതെ മടങ്ങി.

എണ്‍പതിലേറെ സര്‍വീസ് നടത്തുന്ന ഡിപ്പോയില്‍ നാമമാത്രമായ സര്‍വീസേ ഇന്ന് നടത്താനായിട്ടുള്ളു. ഡീസല്‍ അവശേഷിക്കാത്ത സാഹചര്യത്തില്‍ ഈ സര്‍വിസുകളില്‍ പലതും പാതിവഴിയില്‍ നിലച്ചു. പത്തനംതിട്ട ഡിപ്പോയിലെ ബസുകള്‍ക്ക് നഗരത്തിലെ സ്വകാര്യ പമ്പില്‍ നിന്നാണ് ഡീസല്‍ അടിക്കാറ്. ഡീസല്‍ അടിച്ച ഇനത്തില്‍ നാല്‍പ്പത്തിഎട്ടുലക്ഷംരൂപ ഉടമക്ക് നല്‍കാനുണ്ട്. കുടിശിക നല്‍കാതെ ഇനി മുന്നോട്ടുപോവുകബുദ്ധിമുട്ടാണെന്നാണ് പമ്പുടമയുടയും നിലപാട്. പമ്പില്‍ സ്റ്റോക്കും കുറവാണ്. രാവിലെ മുതല്‍ സര്‍വീസ് ഇല്ലാതായതോടെ യാത്രക്കാര്‍ നന്നേബുദ്ധിമുട്ടി. ഡീസല്‍ ലഭിക്കാത്ത സാഹചര്യത്തില്‍ നാളെ ഇത്രപോലും സര്‍വീസ് നടത്താനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ പറയുന്നു.