പത്തനംതിട്ട എസ്പി ഓഫീസിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാൻ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശപ്രകാരം പ്രത്യേക അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. നീണ്ട കാലയളവില്‍ കാഷ്യർമാരായി ഇരുന്നവർ ക്രമക്കേട് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ജില്ലാ ഫിനാന്‍സ് ഇന്‍സ്പെക്ഷന്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 2012ല്‍ നടന്ന ക്രമക്കേട് കണ്ടത്. 2013 ഫെബ്രുവരിയില്‍ നല്‍കിയ ശുപാര്‍ശ പ്രകാരം പ്രത്യേക ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇത് സ്ഥിരീകരിച്ചു. വായ്പകളും മറ്റും തിരിച്ചടക്കുന്നതിനായി പൊലീസുകാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചതുകയിലും പെറ്റിക്കേസിനത്തില്‍ കിട്ടിയതുടകയിലുമാണ് ക്രമക്കേട്.
ക്രമക്കേട് നടന്ന കാലയളവില്‍ ചുമതലയിലുണ്ടായിരുന്ന മൂന്ന് കാഷ്യര്‍മാര്‍, നാല് മാനേജര്‍മാര്‍ രണ്ട് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം ഡി.ജി.പി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു.എന്നാല്‍ ക്രമക്കേട് ബോധ്യപ്പെട്ടിട്ടും തുടര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. ക്രമക്കേട് നടത്തിയ മൂന്നുപേര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. സാമ്പത്തിക ക്രമേക്കേട് സംമ്പന്ധിച്ച രേഖകള്‍ പൂഴ്ത്തിയിരിക്കുകയായിരുന്നു.