tvm-chala-market

തിരുവനന്തപുരം ചാല കമ്പോളത്തില്‍ കൂലിയെ ചൊല്ലി തൊഴിലാളികളും വ്യാപാരികളുമായി വാക്കേറ്റം. കൂലിക്കുപുറമെയുള്ള മാമൂല്‍ നല്‍കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ലോറി തടഞ്ഞെന്ന് വ്യാപാരികള്‍ ആരോപിച്ചു. കൂലി വര്‍ധിപ്പിക്കാതിരിക്കാന്‍ വ്യാപാരികള്‍ മനപൂര്‍വം പ്രശ്നമുണ്ടാക്കുകയാണെന്നാണ് തൊഴിലാളികളുടെ നിലപാട്.

ചാലകമ്പോളത്തിലെ സഭാപതി റോഡിലുള്ള അരി വ്യാപാരികളും തൊഴിലാളികളുമായാണ് വാക്കേറ്റമുണ്ടായത്. ഒന്നാം തീയതി മുതല്‍ നോക്കുകൂലി നിരോധിച്ച സാഹചര്യത്തില്‍ നിയമപ്രകാരമുള്ള കൂലിയേ നല്‍കൂ എന്ന് വ്യാപാരികള്‍ നിലപാടെടുത്തു. ചെറു വാഹനങ്ങളില്‍ നിന്ന് ലോഡ് ഇറക്കുമ്പോള്‍ 50 രൂപമുതല്‍ 100 രൂപവരെയും വലിയവാഹനങ്ങള്‍ക്ക് 600 മുതല്‍ 700 രൂപവരെയും കൂലിക്ക് പുറമെ വാങ്ങുന്നതാണ് മാമൂല്‍ എന്നറിയപ്പെടുന്നത്. വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.

എന്നാല്‍ മാമൂലിന്റെ പേരില്‍ തൊഴിലാളികള്‍ വാഹനം തടഞ്ഞില്ലെന്ന് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ മാസം ഒന്നുമുതല്‍ ചാലയിലെ തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കേണ്ടതാണ്. ഇത് മുടക്കാന്‍ വ്യാപാരികള്‍ മനഃപൂര്‍വം പ്രശ്നം സൃഷ്ടിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു.

കഴിഞ്ഞ ജൂലൈ മുതല്‍ 50 കിലോയില്‍ കൂടുതല്‍ ഭാരമുള്ള ചാക്ക് തൊഴിലാളികള്‍ എടുക്കുന്നില്ല. അതിനാല്‍ ചാക്കെണ്ണം കൂടിയെന്നും കൂലി വര്‍ധിപ്പിക്കുമ്പോള്‍ ഇക്കാര്യവും പരിഗണിക്കണമെന്നും വ്യാപാരികള്‍ പറയുന്നു. പ്രശ്നം പരിഹരിക്കാന്‍ നാളെ ജില്ലാ ലേബര്‍ കമ്മീഷണര്‍ യോഗം വിളിച്ചിട്ടുണ്ട്.