കടലാക്രമണം: ആലപ്പുഴയില്‍ മൂന്നൂറോളം വീടുകളില്‍ വെള്ളംകയറി

ആലപ്പുഴ ജില്ലയില്‍ ശക്തമായ കടലാക്രമണത്തില്‍ മൂന്നൂറോളം വീടുകളില്‍ വെള്ളംകയറി. ഒറ്റമശേരിയില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. അഞ്ചുകുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തീരദേശപാതയില്‍ ഗതാഗതം തടസപ്പെട്ടു. കടലാക്രമണമുണ്ടായ പ്രദേശങ്ങള്‍ കലക്ടര്‍ ടി.വി.അനുപമ സന്ദര്‍ശിച്ചു.

ചേന്നവേലി, കാട്ടൂർ, ഒറ്റമശേരി ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായത്. തീരത്തെ നൂറുകണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും വെള്ളംകയറി. അഴീക്കൽ മുതൽ ആയിരംതൈ വരെയുള്ള മേഖലകളില്‍ കടൽക്ഷോഭത്തെ തുടർന്നു ഏറെ നാശനഷ്ടങ്ങളുണ്ടായി. തൈക്കൽ കടപ്പുറത്ത് ഏരെദൂരം കടല്‍കയറി. ഒറ്റമശേരിയിൽ വീടുതകര്‍ന്ന രണ്ടു കുടുംബങ്ങളെ സമീപത്തുള്ള സ്കൂളിലേക്കുമാറ്റി. 

അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും മോട്ടോർ ഉപയോഗിച്ചു വെള്ളം പമ്പു ചെയ്യുന്നത് വൈകിയെന്നു നാട്ടുകാർ ആരോപിച്ചു. തൈക്കലില്‍ വിവാഹത്തിനായി ഒരുക്കിയ പന്തലിലും വെള്ളം കയറി. തുടർന്നു വിരുന്ന് സമീപത്തുള്ള വീട്ടിലേക്കു മാറ്റി. ആറാട്ടുപുഴയില്‍ തീരദേശപാത കടലാക്രമണത്തില്‍ തകര്‍ന്നു. തീരമേഖലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയാതായി കലക്ടര്‍ അറിയിച്ചു.