ടെക്നോപാര്‍ക്കില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ കൈയേറ്റം

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പരിശോധനയ്ക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ കൈയേറ്റം. തോട്ട്സ് ലൈന്‍ എന്ന സ്ഥാപനത്തിലെ കഫ്റ്റേരിയ പരിശോധിക്കാന്‍ എത്തിയ വനിതകള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ നാലുമണിക്കൂറോളം തടഞ്ഞു വച്ചു. പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഈ കഫ്റ്റേരിയ അടക്കം ആറു സ്ഥാപനങ്ങള്‍ പൂട്ടിച്ചു. 

ഉച്ചയ്ക്ക് ഒന്നരയോടെയാണ് തോട്ട്സ് ലൈന്‍ എന്ന ഐടി സ്ഥാപനത്തിലെ കഫ്റ്റേരിയയില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്. പരിശോധന തടയുകയും വനിതകള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. 

സ്പെഷ്യല്‍ ഇക്കണോമിക് സോണിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അധികാരില്ലെന്നാണ് സ്ഥാപനത്തിന്റെ വാദം. ലൈസന്‍സില്ലായെന്ന്് കണ്ടെത്തിയതിനേത്തുടര്‍ന്ന് ഈ കഫ്റ്റേരിയ പൂട്ടിച്ചു. ഇതു കൂടാതെ പഴകിയ ഭക്ഷണം വിതരണം ചെയ്യുകയും  വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയും െചയ്ത  ടെക്നോപാര്‍ക്കിലെ മറ്റ് അഞ്ച് സ്ഥാപനങ്ങള്‍ കൂടി പൂട്ടിച്ചിട്ടുണ്ട്.