ബ്ലു ഗ്രീന്‍ ആല്‍ഗയുടെ സാന്നിധ്യം പുഴകളിൽ പടരുന്നു

കടുത്ത വേനലില്‍ ജലക്ഷാമം രൂക്ഷമാകുന്നതിനിടെ ബ്ലു ഗ്രീന്‍ ആല്‍ഗ ചാലിയാറില്‍ നിന്ന് മറ്റു പുഴകളിലേയ്ക്കും പടരുന്നു. മലയോര മേഖലയുടെ പ്രധാന ജല ശ്രോതസായ ഇരവഞ്ഞിപ്പുഴയിലാണ് ആല്‍ഗയുടെ സാനിധ്യം കണ്ടത്. 

ഇരവഞ്ഞിപ്പുഴയില്‍ മുക്കം–കാരശേരി, കൊടിയത്തൂര്‍ ഭാഗത്താണ്  ബ്ലു ഗ്രീന്‍ ആല്‍ഗ വ്യാപകമായി കണ്ടത്. ജലത്തില്‍ നൈട്രേറ്റും ഫോസ്ഫേറ്റും വര്‍ധിക്കുമ്പോഴാണ് ബ്ലു ഗ്രീന്‍ ആല്‍ഗ രൂപപ്പെടുന്നത്. ശുചിമുറിയില്‍ നിന്നടക്കമുള്ള ജൈവ മാലിന്യങ്ങള്‍, കെട്ടികിടക്കുന്ന വെള്ളത്തിലെത്തുന്നതാണ് ആല്‍ഗകള്‍ പെട്ടെന്ന് വര്‍ധിക്കാന്‍ കാരണം. മല്‍സ്യ സമ്പത്തിനെയടക്കം ഗുരുതരമായി ഇത് ബാധിക്കുന്നു. 

കഴിഞ്ഞ ദിവസം ചാലിയാറില്‍ ആല്‍ഗകള്‍ കണ്ട പ്രദേശത്തെ വെള്ളം കുടിക്കാനോ കുളിക്കാനോ മറ്റു ഗാര്‍ഹികാവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്ന് കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎം നിര്‍ദേശം നല്‍കിയിരുന്നു. ഇരവഞ്ഞിപുഴയിലും ആല്‍ഗ കണ്ടതോടെ വെള്ളത്തിനായി ഇനി എന്തു ചെയ്യുമെന്നാണ് ജനങ്ങളുടെ ചോദ്യം.