കാര്‍ഷിക മേഖലയുടെ മഹത്വം പറയുന്ന വെള്ളരി നാടകം വീണ്ടും അരങ്ങിലേക്ക്. തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന മൂന്നുദിവസത്തെ നാടന്‍ കലാമേളയുടെ ഭാഗമായിട്ടാണ് നാടകം അവതരിപ്പിക്കുന്നത്. നാടക പ്രചാരണത്തിന് പൂതംകളിയുമായി സംഘാടകര്‍ തലസ്ഥാനത്തെ വിവിധ വീടുകളിലെത്തി.
കവയത്രി സുഗതകുമാരിയുടെ വീട്ടില്‍ നിന്നാണ് പൂതംകളി തുടങ്ങിയത്. വൈകിട്ട് കനകക്കുന്നില്‍ നടക്കുന്ന വെള്ളരിനാടകത്തിന് കവയത്രിയെ ക്ഷണിക്കാനാണ് പൂതവും സംഘവുമെത്തിയത്. പിന്നാലെ പല പ്രശസ്തരുടെയും വീടുകള്‍ കയറിയിറങ്ങി പൂതം യാത്ര തുടര്‍ന്നു.
വടക്കന്‍ കേരളത്തിലുണ്ടായിരുന്ന മണ്‍മറഞ്ഞുപോയ കലാരൂപങ്ങളില്‍ ഒന്നാണ് വെള്ളരിനാടകം. വിളവെടുക്കാറായ വെള്ളരിപ്പാടങ്ങള്‍ക്കും നെല്‍വയലുകള്‍ക്കും കാവല്‍ കിടന്നിരുന്ന കര്‍ഷകരുടെ ആവിഷ്കാരം. 1936ല്‍ അവതരിപ്പിച്ചതെന്ന് കരുതുന്ന വിത്തും കൈക്കോട്ടും എന്ന വെള്ളരിനാടകത്തിന്റെ പുനര്‍ അവതരണത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
യുവജനക്ഷേമ ബോര്‍ഡാണ് സംഘാടകര്‍. കനകക്കുന്നിലും നിശാഗന്ധിയിലും മാനവീയം വീഥിയിലുമായി മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന നാടോടി കലാസംഗമത്തിന്റെ ഭാഗമായി നാട്ടുചന്തയും ഒരുക്കിയിട്ടുണ്ട്.