തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തര ചികില്‍സ നിഷേധിച്ചതായി വീണ്ടും പരാതി. ബൈക്കപകടത്തില്‍ പരുക്കേറ്റ കുണ്ടമണ്‍കടവ് സ്വദേശി ബിബിന്‍ ബൈജുവിന് നാല് മണിക്കൂറോളം അടിയന്തര ചികില്‍സ നല്കിയില്ലെന്നാണ് ആക്ഷേപം. തുടര്‍ന്ന് വെന്റിലേററര്‍ ഒഴിവില്ലെന്നറിയിച്ചതായും സ്വകാര്യ ആശുപത്രിയിലേയക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവാവിന്റെ നില അതീവ ഗുരുതരമാണ്.
രാവിലെ എട്ടരയോടെയാണ് കുണ്ടമണ്‍കടവ് പാലത്തിനടുത്ത് ബൈക്കുകള്‍ കൂട്ടിമുട്ടി ബിബിന്‍ ബൈജുവിന് ഗുരുതരമായി പരുക്കേറ്റത്. ഒന്‍പതോടെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആദ്യമണിക്കൂറുകളില്‍ ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതിനേത്തുടര്‍ന്നാണ് ഡോക്ടര്‍ എത്തി പരിശോധിച്ചത്. തുടര്‍ന്ന് സര്‍ജിക്കല്‍ ഐസിയുവിലേയ്ക്കു മാറ്റി. എന്നാല്‍ ഒന്നേകാലോടെ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് അറിയിക്കുകയായിരുന്നു.
നേരത്തെ എത്തിച്ചിരുന്നെങ്കില്‍ ചികില്‍സ ഫലപ്രദമായേനെയെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍ സാധ്യമായ എല്ലാ ചികില്‍സകളും യുവാവിന് നല്‍കിയിരുന്നതായാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തമിഴ്നാട് സ്വദേശി മുരുകന്‍ ചികില്‍സ കിട്ടാതെ മരിച്ചതിനേത്തുടര്‍ന്ന് അടിയന്തര ചികില്‍സ സംവിധാനങ്ങള്‍ കുററമറ്റതാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ സമയത്ത് ചികില്‍സ ലഭിക്കുന്നില്ലെന്ന നിരവധി പരാതികളാണ് ദിവസവും മെഡിക്കല്‍ കോളേജില്‍ നിന്നുയരുന്നത്.