പത്തനംതിട്ട തണ്ണിത്തോട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ ആക്രമണം നടന്ന് നാലുദിവസമായിട്ടും കുറ്റക്കാരെ പിടികൂടാതെ പൊലീസ്. ആക്രമണം നടത്തിയവരെ അറസ്റ്റുചെയ്യണമെന്ന് ആശ്യപ്പെട്ട് ദിവസങ്ങളായി നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. രാഷ്ട്രീയകക്ഷികളും പ്രതിഷേധത്തിന് പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കോന്നി, തണ്ണിത്തോട് പൊലീസ് സ്റ്റേഷനുകളിലാണ് കെ.എസ്.ആര്‍.ടി ബസ് തകര്‍ത്തതും വനിതാകണ്ടക്ടറെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകള്‍ഉള്ളത്. രണ്ട് പൊലീസ് സ്റ്റേഷനുകളിലേയും പൊലീസുകാര്‍ ആക്രമണം നടത്തിയെന്നരോപിക്കപ്പെടുന്ന സ്വകാര്യബസ് ലോബിയുടെ സൗജന്യം പറ്റുന്നവരാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാരണത്താലാണ് നാട്ടുകാര്‍ ഒന്നാകെ പ്രതിഷേധവുമായി ഇറങ്ങിയിട്ടും പൊലീസ് ആക്രമണം നടത്തിയവര്‍ക്കൊപ്പം നില്‍ക്കുന്നത്. സംഭവംനടന്ന് നാലുദിവസമായിട്ടും ഒരാളെപ്പോലും പിടികൂടാന്‍ പൊലീസിനായിട്ടില്ല. വനിതാകണ്ടക്ടര്‍ക്കുനേരെ വധഭീഷണിമുഴക്കിയ പരാതിയിലും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയില്ല. സ്വകാര്യ ബസ് ലോബിയുടെ നേതൃത്വത്തില്‍ തണ്ണിത്തോട്, കരിമാന്‍തോട് ഭാഗങ്ങളില്‍ കെ.എസ്. ആര്‍.ടി.സിക്കുനേരെ ആക്രമണം തുടര്‍ക്കഥയാണ്. മുന്‍പ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തെങ്കിലും സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് അത് ഒതുക്കിതീര്‍ത്തു. പാര്‍ട്ടിലോക്കല്‍ നേതാവിന്റെ പിന്തുണയോടെയാണ് ആക്രമണമെന്ന് പ്രദേശത്തെ പാര്‍ട്ടിപ്രവര്‍ത്തകരും പറയുന്നു. കെ.എസ്.ആര്‍.ടി. ബസ്തകര്‍ത്തതിനെതിരെ സി.പി.എം ജില്ലാഘടകത്തിന് സി.ഐ.ടി.യു പരാതി നല്‍കി. പരാതികള്‍ പലയിടത്തുമെത്തിയിട്ടും ആരും നടപടിയെടുക്കുന്നില്ലെന്നും മാത്രം.