ആധുനിക കോച്ചുകളുമായി തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് പ്രയാണം ആരംഭിച്ചു. യാത്രക്കാർക്കായി കൂടുതൽ യാത്രാസുഖവും സൗകര്യങ്ങളും ഉറപ്പാക്കിയ 24 കോച്ചുകളാണ് പുതിയ വേണാടിലുള്ളത്. ഇരുപതു വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന കോച്ചുകൾ ന്യൂജനറേഷൻ കോച്ചുകള്‍ക്കു വഴിമാറി.
രാജധാനി തുരന്തോ എക്സ്പ്രസുകളിൽ ഉപയോഗിക്കുന്ന പുതുതലമുറ കോച്ചുകളാണ് പുതിയ വേണാടിൽ ഉപയോഗിച്ചിരിക്കുന്നത്. പഴയ കൊളുത്തിൽ യോജിപ്പിക്കുന്ന കുലുക്കമുള്ള കോച്ചുകൾക്കു പകരം, സെന്റർ ബഫർ കപ്ളിംഗിൽ യോജിപ്പിക്കാവുന്ന അപകടസാധ്യതയില്ലാത്ത കോച്ചുകൾ. നീളൻ സീറ്റുകൾക്കു പകരം ബക്കറ്റ് സീറ്റിങ്. എല്ലാ സീറ്റിലും സ്നാക്ക് ട്രേ. ഓരോ സ്റ്റേഷനിലെത്തുമ്പോഴും വിവരം കാണിക്കാൻ എൽ.ഇ.ഡി. ഡിസ്പ്ലേ, മോഡുലാർ സ്വിച്ച് ബോർഡുകൾ, ലാപ്ടോപും മൊബൈലും ചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിങ്ങനെ പോകുന്നു സവിശേഷതകൾ.
എല്ലാ കോച്ചിലും ബയോ ടോയിലറ്റുകളാണ് ഉള്ളത്. മിനുസമുള്ള പുതിയ മട്ടിലുള്ള വാഷ് ബേസിനുകളും ഉൾപ്പെടുന്ന കോച്ചുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരുന്നു നിർമാണം. നിലത്ത് മൊസൈക്ക് ഡിസൈൻ വിനയ് ഫ്ളോറിങും പുറത്തു അകത്തും പോളിറീത്തെൻ പെയിന്റിങും അങ്ങനെ, വേണാടിന് ആകെക്കൂടി ഒരാനച്ചന്തം.