പാരമ്പര്യത്തനിമയുടെ കണിശതകൊണ്ട് വ്യത്യസ്തമായി കോട്ടാങ്ങൽ ഇരുപത്തിയെട്ട് പടയണി. ഇരുകരകളായി തിരിഞ്ഞ് മാൽസര്യബുദ്ധിയോടെ നടക്കുന്ന പടയണിയെന്നതാണ് കോട്ടാങ്ങൽ പടയണിയുടെ പ്രത്യേകത. ധനുമാസത്തിലെ ഭരണിനാൾ മുതൽ മകരമാസത്തിലെ ഭരണിനാൾവരെയാണ് കോട്ടാങ്ങൽ ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിലെ പ്രശസ്തമായ ഇരുപത്തിയെട്ട് പടയണി. കുളത്തൂർ, കോട്ടാങ്ങൽ കരകളായി തിരിഞ്ഞ് പത്തൊൻപത് ദിവസം സാധിപ്പ് എന്ന പരിശീലനം പൂർത്തിയാക്കി എട്ട് പടയണിക്ക് ക്ഷേത്രത്തിൽ ചൂട്ടുവച്ച് തുടക്കംകുറിക്കും.
കുളത്തൂർകര തുടങ്ങിവയ്ക്കുന്ന പടയണി ഒന്നിടവിട്ട ദിവസങ്ങളിൽ ഇരുകരകളും നടത്തും. മൂന്നുംനാലും ദിവസങ്ങളിൽ ഗണപതിക്കോലവും അടുത്ത ദിവസങ്ങളിൽ അടവിയും പള്ളിപ്പാനയും നടത്തും. യുദ്ധത്തിന് തയാറാകാതിരുന്ന ദാരികാസുരനെ വൃക്ഷലതാതികൾ പറിച്ചെറിഞ്ഞ് ഭദ്രകാളി പ്രകോപ്പിച്ചതിന്റെ സ്മരണാർഥം കൃത്രിമവനം സൃഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ചടങ്ങാണ് അടവി. വഴിപാടായി കൊണ്ടുവരുന്ന കരിക്കുകൾ പടയണിക്കളത്തിൽ അടിച്ചുടയ്ക്കുന്ന ചടങ്ങാണ് പള്ളിപ്പാന. എട്ട് പടയണിയുടെ അവസാന രണ്ട് ദിവസം വലിയ പടയണി നടക്കും. ഇരുപത്തിയെട്ടാംനാൾ ഇരുകരകളുംചേർന്ന് പുലവൃത്തം തുള്ളി പടയണി അവസാനിപ്പിക്കും