ഒാഖി ചുഴലിക്കാറ്റ്: റേഷനിലും തട്ടിപ്പ്

ഒാഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അനുവദിച്ച സൗജന്യറേഷനിലും തട്ടിപ്പ്. അളവില്‍ കൃത്രിമം കാണിച്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കിലെ നാല് റേഷന്‍കടകള്‍ ഭക്ഷ്യമന്ത്രി നേരിട്ട് പരിശോധന നടത്തി സസ്പെന്‍ഡ് ചെയ്തു. ഗുണനിലവാരമുള്ള അരി വിതരണം ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു.

നെയ്യാറ്റിന്‍കര താലൂക്കിലെ സൗജന്യ റേഷന്‍വിതരണത്തില്‍ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പരിശോധന. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ പതിനഞ്ച് കിലോ അരി വീതമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ പലയിടത്തും പത്തും പന്ത്രണ്ടും കിലോ വീതമേ നല്‍കുന്നുള്ളു. ഇത്തരത്തില്‍ കൃത്രിമം കാണിച്ച പൊഴിയൂര്‍, പൂവാര്‍, കരിക്കുളം, വിഴിഞ്ഞം എന്നിവിടങ്ങളിലെ കടകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. 

ഗുണനിലവാരമില്ലാത്ത അരിയാണ് വിതരണം ചെയ്യുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അമരവിള ഗോഡൗണിലും മന്ത്രി പരിശോധന നടത്തി. നിലവിലുള്ള അരിക്ക് പകരം ബോയില്‍ഡ് എവണ്‍ അരി വിതരണം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലത്ത് വിതരണം ചെയ്തതായി പറയുന്ന ഗുണനിലവാരമില്ലാത്ത അരി സിവില്‍സപ്ലൈസ് നല്‍കിയതല്ലെന്നും മന്ത്രി പറഞ്ഞു.