കുടിവെള്ളക്ഷാമത്തിൽ വലഞ്ഞ് ബാലരാമപുരം

തിരുവനന്തപുരം ബാലരാമപുരത്ത്  മൂന്ന് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ച. മോട്ടോർ തകരാറെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. എന്നാൽ അതേ പമ്പിൽ നിന്ന് നഗരത്തിലെ ഹോട്ടലുകളടക്കം  സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വെള്ളം നൽകിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധവുമായെത്തിയ ജനപ്രതിനിധികൾ പമ്പ് ഹൗസ് ഉപരോധിച്ചു.

ബാലരാമപുരം, പള്ളിച്ചൽ, വിളവൂർക്കൽ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് വെള്ളം കിട്ടിയിട്ട് രണ്ടാഴ്ചയായി. ചുഴാറ്റുകോട്ട പമ്പ് ഹൗസിലെ രണ്ട് മോട്ടറുകളിൽ ഒന്ന് കേടായതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ഇതേ പമ്പ് ഹൗസിൽ നിന്ന് തിരുവനന്തപുരം നഗരത്തിലുള്ള ഹോട്ടലുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കുമെല്ലാം യാതൊരു മുടക്കവും കൂടാതെ വെള്ളം ടാങ്കറിൽ കൊണ്ടുപോകുന്നുമുണ്ട്.

പരാതി പറഞ്ഞിട്ടും വെള്ളം കിട്ടാതെ വന്നതോടെയാണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. വ്യാപരസ്ഥാപനങ്ങളിലേക്ക് വെള്ളം കൊണ്ടുപോയ ടാങ്കറുകൾ തടഞ്ഞിട്ടു. സമരത്തിന്റെ ദൃശ്യങ്ങളെടുക്കുന്നത് ഉദ്യോഗസ്ഥർ തടഞ്ഞത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള വാക്ക് തർക്കത്തിനും കാരണമായിരുന്നു.