ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച ഏഴംഗ സംഘം ചങ്ങനാശേരിയിൽ പിടിയിൽ. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഹൈദരാബാദിൽനിന്ന് വാങ്ങിയ ഇരുതലമൂരി യെ മറിച്ചുവിൽക്കാനുള്ള ശ്രമത്തിനിടെയാണ് സംഘം പിടിയിലായത്.
തൃശൂർ മായന്നൂർ മങ്ങാട്ടിൽ അശോക്, ചെന്നൈ തിരുവള്ളൂർ ചൊവ്വാപേട്ട സുലഭ, എറണാകുളം പഴന്തോട്ടം മാരിയിൽ എം.കെ.സുധീഷ്, പെരുമ്പാവൂർ കോന്നുക്കുടി നവാസ്, കാസർകോട് നെല്ലിക്കട്ട ഗുരുനഗർ വിനു കുമാർ, കാസർകോട് ഉദംതോട് മുഹമ്മദ് യാസിൻ, തൃക്കൊടിത്താനം പൊട്ടശേരി കൃഷ്ണവിലാസം രാധാകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. അശോകും ഭാര്യ സുലഭയുമാണ് സംഘത്തിലെ പ്രധാനികൾ. ഇരട്ടി തുക മടക്കി നല്‍കാം എന്ന് വാഗ്ദാനം നല്‍കി രാധാകൃഷ്ണനില്‍ നിന്ന് വാങ്ങിയ 20 ലക്ഷം രൂപ ഉപയോഗിച്ച് ഹൈദരാബാദിൽ നിന്നാണ് ഇരുതലമൂരിയെ വാങ്ങിയത്. രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിച്ച ഇതിനെ പൊട്ടശേരിയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇരുതലമൂരിയെ വിൽപന നടത്താനെത്തിയ ഇടനിലക്കാരാണ് പിടിയിലായ മറ്റു പതികൾ. ഒന്നരക്കോടി രൂപയ്ക്ക് വിൽപന നടത്താനായിരുന്നു ശ്രമം.
വളർത്തിയാൽ ഐശ്വര്യദായകമാണെന്ന അന്ധവിശ്വാസമാണ് ഇന്ത്യൻ സാൻഡ് ബോ എന്ന ഇരുതലമൂരിയുടെ വൻ വിലയ്ക്ക് ആധാരം. വംശനാശ ഭീഷണി നേരിടുന്ന ഇവയെ കൈവശം വയ്ക്കുന്നത് ഏഴുവർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. സംഘത്തിൽ നിന്ന് പിടികൂടിയ ഇരുതലമൂരിയെ വനംവകുപ്പിന് കൈമാറി.