കാരിക്കേച്ചറുകൾ വരച്ച് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച മലയാളി

ഏറ്റവും കൂടുതൽ സമയം തുടർച്ചയായി കാരിക്കേച്ചറുകൾ വരച്ച ഗിന്നസ് റെക്കോർഡ് ഇനി മലയാളിക്ക് സ്വന്തം. തിരുവനന്തപുരം സ്വദേശി വില്യം പനിപ്പിച്ചയാണ് നേട്ടത്തിനുടമയായത്. കാനഡക്കാരൻ സ്ഥാപിച്ച അറുപത്തൊന്ന് മണിക്കൂർ റെക്കോർഡാണ് വില്യം മറികടന്നത്. 

നവംബർ ഒന്നിന് പുലർച്ചെ മൂന്നിന് അമ്മ എപ്രീതമ്മയുടെ കാരിക്കേച്ചർ വരച്ചാണ് വില്യം തുടങ്ങിയത്. 61 മണിക്കൂർ 56 സെക്കൻഡുകൾ രാവും പകലുമില്ലാതെ 2000 ലേറെ കാരിക്കേച്ചറുകൾ. വരച്ചു കൂട്ടി നേടിയത് ലോക റെക്കോർഡ്. 2014ൽ കാനഡക്കാരൻ റൊണാൾഡ് ഫ്രാൻസിസ് സ്ഥാപിച്ച 61 മണിക്കൂർ 55 സെക്കൻഡ് റെക്കോർഡാണ് വില്യം തകർത്തത്. പാളയം സെന്റ് ജോസഫ് സ്കൂളിൽ ഒത്തു കൂടിയ വിദ്യാർഥികളും വില്യമിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എഴുന്നേറ്റു നിന്ന് കൈയടിച്ച് നേട്ടമാഘോഷിച്ചു. 

റെക്കോർഡ് സമയം വീണ്ടും മെച്ചപ്പെടുത്താൻ വില്യം വര തുടർന്നപ്പോൾ കുടുംബാംഗങ്ങൾ സന്തോഷം പങ്കിട്ടു. പൊഴിയൂർ സ്വദേശിയായ ഈ സ്കൂളധ്യാപകൻ ചുമരെഴുത്തുകളിലൂടെയാണ് ചിത്രകലാരംഗത്തേയ്ക്ക് കടന്നു വന്നത്. ഇനിയുമേറെ വരച്ചു കൂട്ടണമെന്നാണ് ഉയരങ്ങൾ കീഴടക്കണമെന്നാണ് വില്യമിന്റെ മോഹം.