ഭിന്നശേഷിക്കാരായ കുട്ടികളെ ജാലവിദ്യ പഠിപ്പിക്കാൻ എം.പവർ സെന്റർ

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപജീവനത്തിനായി ജാലവിദ്യയുടെ പാഠങ്ങൾ പകരുന്ന എം.പവർ സെന്ററിന് തിരുവനന്തപുരത്ത് തുടക്കമായി. കഴക്കൂട്ടം മാജിക് അക്കാദമിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ലോകത്ത് ആദ്യമായാണ് ഭിന്നശേഷിക്കാർക്ക് കലാവതരണത്തിലൂടെ തൊഴിൽ നൽകുന്ന പദ്ധതി. 

ജന്മനാ കൈകാലുകൾ ഇല്ലാതെ ജീവിതത്തോട് പൊരുതി വിജയിച്ച ഷിഹാബുദ്ദീനെപ്പോലുള്ളവരായിരുന്നു എം.പവർ പദ്ധതിയുടെ പ്രചോദനം. കുടുംബത്തിന് താങ്ങാകുവാനും പരാശ്രയത്തിന്റെ തണലിൽ നിന്നും സ്വയം മോചിതരാകാനും ഭിന്നശേഷിക്കാരെ പ്രാപ്തമാക്കുന്ന സ്ഥിരം വേദിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 

ഒാട്ടിസം ,സെറിബ്രൽ പൾസി , വിഷാദരോഗം എന്നിവ ബാധിച്ച കുട്ടികളാണ് മജീഷ്യരുടെ വേഷമണിയുന്നത്. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്ത്വത്തിൽ ജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്ന് തരഞ്ഞെടുത്ത ഭിന്നശേഷി കുട്ടികളാണിവർ.പരിശീലനം പൂർത്തിയാക്കി എംപവറിന്റെ വിസ്മയതാരങ്ങളാകുന്നത് ഇവരായിരിക്കും. സാമൂഹ്യ നീതി വകുപ്പിന്റെ അനുയാത്രാ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർമാരായി തിരഞ്ഞെടുത്തത് ഈ കുട്ടികളെയാണ്.