ഉദ്ഘാടനം കഴിഞ്ഞ് ഒൻപത് മാസം പിന്നിട്ടിട്ടും സഞ്ചാരികൾക്കായി തുറന്നുകൊടുക്കാതെ ബത്തേരിയിലെ സർക്കാർ അതിഥിമന്ദിരം. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഗസ്റ്റ് ഹൗസ് അടഞ്ഞു കിടക്കാൻ കാരണം. നിർമ്മാണം പൂർത്തിയാക്കാൻ ഒന്നര പതിറ്റാണ്ട് കാത്തിരുന്ന കെട്ടിടമാണ് ഇപ്പോൾ അധികൃതരുടെ അനാസ്ഥയിൽ നോക്കുകുത്തിയാവുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വലിയ കൊട്ടിഘോഷിച്ച് ബത്തേരിയിലെ പുതിയ സർക്കാർ അതിഥിമന്ദിരം ഉദ്ഘാടനം ചെയ്തത്. നിർമ്മാണം ആരംഭിച്ച് ഒന്നര പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കെട്ടിടം പൂർത്തിയായത്. എന്നാൽ, ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് മാസങ്ങൾ ഒൻപത് കഴിഞ്ഞിട്ടും ഈ വാതിലുകൾ സഞ്ചാരികൾക്കായി ഇതുവരെ തുറന്നിട്ടില്ല. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് പ്രധാന തടസ്സം. കെട്ടിടത്തിന്റെ ആവശ്യത്തിന് പ്രത്യേക ട്രാൻസ്‌ഫോർമർ തന്നെ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായുള്ള അനുബന്ധ ജോലികളെല്ലാം പൂർത്തിയായെങ്കിലും, ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കുന്നതിൽ അധികൃതർ വരുത്തുന്ന കാലതാമസമാണ് തിരിച്ചടിയാകുന്നത്.
ബത്തേരി-ചീരാൽ റോഡിൽ പഴയ ഗസ്റ്റ് ഹൗസിനോട് ചേർന്ന് 21.6 കോടി രൂപ ചെലവഴിച്ചാണ് ഈ ബഹുനില അതിഥിമന്ദിരം പണിതുയർത്തിയത്. എക്‌സിക്യൂട്ടീവ് മുറികൾ ഉൾപ്പെടെ 54 മുറികൾ, വിശാലമായ കോൺഫറൻസ് ഹാൾ, റസ്റ്റോറന്റ് തുടങ്ങിയ മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ട്. ടൂറിസം സീസണിൽ സഞ്ചാരികൾ ഒഴുകിയെത്തുന്ന വയനാട്ടിൽ, കോടികൾ മുടക്കിയൊരുക്കിയ പദ്ധതി അടഞ്ഞുകിടക്കുന്നത് സർക്കാരിന്റെ വലിയൊരു വരുമാന സാധ്യത കൂടിയാണ് ഇല്ലാതാക്കുന്നത്. കെട്ടിട നമ്പർ ലഭ്യമാക്കുന്നതിനും ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, കാലതാമസം ഒഴിവാക്കി അതിഥിമന്ദിരം അടിയന്തരമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.