ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിലെ അതീവ പരിസ്ഥിതിലോല മേഖലയിലെ അനധികൃത റോഡ് നിർമാണത്തിനെതിരെ നടപടിയുമായി മേപ്പാടി പഞ്ചായത്ത്‌. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകി. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് ഇടപെടൽ.

ഏലമലയിൽ കൂറ്റൻ മരങ്ങൾ പിഴുതുമാറ്റിയും കുന്നിടിച്ചും സ്വകാര്യ വ്യക്തി നടത്തിയ റോഡ് നിർമ്മാണം അനധികൃതമാണെന്ന് മേപ്പാടി പഞ്ചായത്ത് തുറന്നു സമ്മതിച്ചു. നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകി. പഞ്ചായത്തിന്‍റെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ മുൻകൂർ അനുമതിയില്ലാതെയാണ് വൻതോതിൽ ഭൂമി നിരപ്പാക്കലും മണ്ണുമാന്തലും നടന്നിരുന്നതെന്ന് നോട്ടിസിൽ വ്യക്തമാക്കുന്നു.   

നൂറുകണക്കിന് മനുഷ്യജീവനുകൾ ഒലിച്ചുപോയ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. ഈ അതീവ പരിസ്ഥിതി ലോല പ്രദേശത്താണ് സ്വാഭാവിക നീരൊഴുക്കുകൾ തടസ്സപ്പെടുത്തിയും കുന്നിടിച്ചും ഓഫ്-റോഡ് ട്രാക്കിനായി സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി റോഡ് വെട്ടിയത്. പഞ്ചായത്ത് അധികൃതർ നേരിട്ടെത്തി സ്ഥലം സന്ദർശിച്ചു. 

കേരള പഞ്ചായത്ത് രാജ് ആക്ടും നിർമാണ ചട്ടങ്ങളും ലംഘിച്ചാണ് ഇവിടെ റോഡ് നിർമാണം പുരോഗമിച്ചിരുന്നത്. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് മുന്നോട്ടുപോയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. 

ENGLISH SUMMARY:

Meppadi panchayat has issued a stop memo against the illegal road construction in the landslide-hit, eco-sensitive Mundakkai region of Wayanad. The local authority confirmed that the massive earth-moving and hill-cutting activities were carried out without any prior official permission.