wayanad-house

TOPICS COVERED

വയനാട്ടിലെ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച് നൽകുന്ന ഭവനപദ്ധതിയിലെ ശേഷിക്കുന്ന 54 വീടുകൾ ഡിസംബർ അവസാനത്തോടെ കൈമാറും. പി എം എ സലാം ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ടെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി

നോവിന്‍റെ ഓർമ്മകളെ മായ്ച്ചു കളഞ്ഞ്, സുരക്ഷിതമായ ഒരു നാളെയുടെ തണലൊരുക്കുകയാണ് ഇവിടെ. മേപ്പാടി തൃക്കൈപ്പറ്റയിലെ പതിനൊന്നര ഏക്കർ വിസ്തൃതിയിൽ പ്രകൃതിയോട് ചേർന്നുനിൽക്കുന്ന വീടുകൾ. ആദ്യഘട്ടത്തിൽ നൽകിയ 51 വീടുകൾക്ക് പിന്നാലെ, രണ്ടാംഘട്ടത്തിലെ 54 വീടുകളാണ് ഇപ്പോൾ അവസാന മിനുക്കുപണിയിലേക്ക് കടക്കുന്നത്.മഴയും തൊഴിലാളിക്ഷാമവും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന്, ഗുണമേന്മയിൽ തെല്ലും വിട്ടുവീഴ്ച ചെയ്യാതെയാണ് ലീഗിന്‍റെ പുനരധിവാസ പദ്ധതി പൂർത്തിയാകുന്നത്.

ഓരോ കുടുംബത്തിനും എട്ട് സെന്‍ററില്‍ 1060 സ്ക്വയർ ഫീറ്റിലാണ് വീടുകൾ ഒരുക്കിയിരിക്കുന്നത്. മൂന്ന് കിടപ്പുമുറികളും വിശാലമായ ലിവിംഗ് ഏരിയയും അടുക്കളയും ഉൾപ്പെടെ ഭാവിയിൽ രണ്ടാം നില പണിയാനുള്ള സൗകര്യവും വീടുകൾക്കുണ്ട്. കല്ലുപാകിയ മുറ്റവും സുരക്ഷിതമായ ചുറ്റുമതിലും സ്വന്തം ഗേറ്റും ഒപ്പം കുടിവെള്ളത്തിനായി പ്രത്യേക ടാങ്കുകളും ഉണ്ടാകും. ഡിസംബറിൽ ഈ വീടുകളുടെ താക്കോൽ കൈമാറുന്നതോടെ വയനാടിന്‍റെ അതിജീവന ചരിത്രത്തിലെ മറ്റൊരു അധ്യായമാകും.

Muslim League Wayanad Housing Project to Hand Over 54 Houses in December: