റിബീൽഡ് കേരള പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ കർഷകർ പ്രതിസന്ധിയിൽ. വയനാട് ബത്തേരിയിലെ വനഗ്രാമമായ പുത്തൂരിൽ, രേഖകൾ കൈമാറി നാല് വർഷം പിന്നിട്ടിട്ടും 17 കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുക ലഭിച്ചില്ല. ഫണ്ടില്ലെന്ന ഒഴുക്കൻ മറുപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ലഭിക്കുന്നതെന്ന് കർഷകർ.
കാടിറങ്ങുന്ന വന്യമൃഗങ്ങളെ ഭയന്നാണ് ഈ കർഷകർ സ്വന്തം മണ്ണുപേക്ഷിച്ച് ഇറങ്ങാൻ തയ്യാറായത്. മനുഷ്യ– വന്യജീവി സംഘർഷം ഒഴിവാക്കാൻ സർക്കാർ കൊണ്ടുവന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം 2022ലാണ് പുത്തൂരിലെ 57 കുടുംബങ്ങൾ ഭൂമിയുടെ എല്ലാ രേഖകളും വനംവകുപ്പിന് കൈമാറിയത്. കുടുംബത്തിന് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. എന്നാൽ നാല് വർഷം പിന്നിടുമ്പോഴും 40 പേർക്ക് മാത്രമാണ് പണം നൽകിയത്. ബാക്കി 17 കുടുംബങ്ങൾ ഇന്നും കാത്തിരിപ്പിലാണ്.
ഭൂമി കൈമാറിയതോടെ കൃഷി നിലച്ചു, വരുമാനവും മുടങ്ങി. നഷ്ടപരിഹാരം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും മക്കളുടെ വിവാഹവും മറ്റും നടത്തിയ കുടുംബങ്ങൾ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ചോദിച്ചെത്തുന്നവരോട് ഫണ്ടില്ലെന്ന കൈമലർത്തൽ മാത്രമാണ് ഉദ്യോഗസ്ഥരുടെ മറുപടി. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ വനംവകുപ്പ് മന്ത്രിക്ക് നേരിട്ട് പരാതി നൽകിയെങ്കിലും അനുകൂല നടപടിയൊന്നും ഉണ്ടായിട്ടില്ല. വാഗ്ദാനങ്ങൾ പാഴായതോടെ തെരുവിലിറങ്ങി സമരം ചെയ്യാനൊരുങ്ങുകയാണ് കർഷകർ .