ആറ് വർഷമായി മേൽക്കൂരയില്ലാത്ത വീടിന് കാവലിരിക്കുകയാണ് വയനാട് കൊളവള്ളിയിലെ സണ്ണപ്പൻ. ലൈഫ് പദ്ധതി വഴി ലഭിച്ച വീട് കരാറുകാരുടെ ലാഭക്കൊതിയിൽ പാതിവഴിയിൽ നിലച്ചതോടെ വീഴാറായ ചായ്‌പിൽ ജീവിതം തള്ളി നീക്കുകയാണ് നിസഹായനായ ഈ മനുഷ്യൻ.
സ്വന്തം സ്ഥലത്ത് ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ അടിത്തറയ്ക്ക് കാവലിരിക്കുകയാണ് സണ്ണപ്പൻ. വയനാട് കൊള്ളവള്ളി അംബേദ്കർ ഉന്നതിയിലാണ് സണ്ണപ്പന്റെ വാസം. പഞ്ചായത്തിൽ നിന്ന് ലൈഫ് ഭവനപദ്ധതി പ്രകാരം തുക അനുവദിച്ചെന്ന വിവരം കുടുംബം അറിയുന്നതിന് മുൻപേയെത്തിയത് സ്വകാര്യ കരാറുകാരനാണ്. ആദിവാസി കുടുംബങ്ങളുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത് പാസ്‌ബുക്കുകൾ കൈക്കലാക്കി. ഘട്ടംഘട്ടമായി അക്കൗണ്ടിലെത്തിയ പണം മുഴുവൻ കൈപ്പറ്റി. പക്ഷേ, നിർമാണം പാതിവഴിയിൽ നിലച്ചു.
മാസം തോറും ഉദ്യോഗസ്ഥർ എത്തും, ഫോട്ടോയെടുക്കും, മടങ്ങും. പക്ഷേ, ഈ കുടിലിലെ കാത്തിരിപ്പിന് അറുതിയായിട്ടില്ല. പരാതികൾ ഒരുപാട് നൽകിയെങ്കിലും ഒന്നും എവിടെയും എത്തിയില്ലെന്ന് സണ്ണപ്പന്‍ പറയുന്നു.