റിബീൽഡ് കേരള പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ കർഷകർ പ്രതിസന്ധിയിൽ. വയനാട് നൂൽപ്പുഴയിലെ വനഗ്രാമമായ കുണ്ടൂരിലെ 24 കർഷകർക്കാണ് ഭൂമിയുടെ രേഖകൾ കൈമാറി നാല് വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാര തുക ലഭിക്കാത്തത്. 

വനഗ്രാമങ്ങളിൽ മനുഷ്യ - വന്യജീവി സംഘർഷം ഒഴിവാക്കാൻ സർക്കാർ കൊണ്ടുവന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിലാണ് കുണ്ടൂരിലെ കർഷകർ കുടുങ്ങിയത്. 2022-ൽ ഇരുപതേക്കറോളം ഭൂമിയുടെ എല്ലാ രേഖകളും ഇവർ വനംവകുപ്പിന് കൈമാറി. 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാമെന്നായിരുന്നു ഉറപ്പ്. എന്നാൽ, നാല് വർഷം പിന്നിട്ടിട്ടും ഇവർക്ക് ഒരു രൂപ പോലും ലഭിച്ചിട്ടില്ല.

പദ്ധതി പ്രകാരം വീടും സ്ഥലവുമുള്ളവർക്കും, തൊട്ടടുത്ത കാപ്പാട് ഗ്രാമത്തിലുള്ളവർക്കും മുഴുവൻ തുകയും നൽകി. എന്നാൽ, കൃഷിഭൂമി മാത്രമുണ്ടായിരുന്ന കുണ്ടൂരിലെ കർഷകരോട് ഫണ്ടില്ലെന്ന ഒഴുക്കൻ മറുപടിയാണ് അധികൃതർ നൽകുന്നത്. പണം ഉടൻ കിട്ടുമെന്ന പ്രതീക്ഷയിൽ മക്കളുടെ വിവാഹവും മറ്റു ആവശ്യങ്ങളും കടം വാങ്ങി നടത്തിയ കുടുംബങ്ങൾ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. 

കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ വനംവകുപ്പ് മന്ത്രിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഭൂമിയും പോയി പണവും കിട്ടാതെ വലയുന്ന ഈ 24 കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Farmers who surrendered their land under the Rebuild Kerala initiative in Wayanad are facing a severe financial crisis due to an unfulfilled official promise. As part of a voluntary relocation project designed to curb human-wildlife conflict, 24 farmers in Kundoor, a forest village in Noolpuzha, handed over around 20 acres of land documents to the Forest Department in 2022. Although authorities promised ₹15 lakh per household, no compensation has been disbursed even after four years, under the pretext of a lack of funds. Left without their land and burdened by debts incurred for family needs in anticipation of the payout, the distressed families are demanding immediate government intervention despite receiving no relief from their petition to the Forest Minister.