പണി തുടങ്ങി ഏഴ് വർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയാകാതെ വയനാട് ബീനാച്ചി - പനമരം റോഡ് ദുരിതക്കയത്തിൽ. മഴ പെയ്തതോടെ ചെളി നിറഞ്ഞ് കുളമായി കിടക്കുകയാണ് റോഡ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2019ൽ പണി തുടങ്ങിയതാണ് ബീനാച്ചി - പനമരം റോഡ്. കഴിഞ്ഞ മാർച്ചിൽ പണി തീർത്തു തരാമെന്ന് പൊതുമരാമത്ത് വകുപ്പും കരാറുകാരും നാട്ടുകാർക്ക് വാക്ക് കൊടുത്തതാണ്. പക്ഷെ വർഷം ഏഴ് കഴിഞ്ഞിട്ടും കഥയിൽ മാറ്റമില്ല.
മുയൽ കുറച്ച് ഉറങ്ങി പോയാലും ശരി, ഈ റോഡ് പണിയോട് മത്സരിച്ചാൽ സുഖമായി ജയിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രത്യേകിച്ച് പുഞ്ചവയൽ മുതൽ പനമരം ടൗൺ വരെയുള്ള ആ രണ്ടര കിലോമീറ്റർ ഭാഗം. അവിടെ ഇപ്പോൾ റോഡില്ല, ചെളി സാഗരം മാത്രം! കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആംബുലൻസിനുപോലും കടന്നുപോകാൻ വയ്യാത്ത സ്ഥിതിയാണ്.
ഇരുചക്രവാഹനക്കാരുടെ കാര്യം പറയുകയും വേണ്ട. റോഡിലിറങ്ങിയാൽ വണ്ടി ഓടിക്കുകയാണോ അതോ 'റോഡ് സർക്കസ്' കളിക്കുകയാണോ എന്ന് തിരിച്ചറിയാൻ പറ്റില്ല. ബൈക്കുകൾ തെന്നി വീണ് അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമാണ്. റോഡ് നിർമ്മാണം എന്നാൽ ജനങ്ങളുടെ വഴിയടയ്ക്കലല്ല, വഴിതുറക്കലാണ്. എന്നാൽ ബീനാച്ചി - പനമരം റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ ഇപ്പോൾ വണ്ടിയും ഡ്രൈവിംഗ് ലൈസൻസും മാത്രം പോരാ, കുറച്ച് സർക്കസ് കൂടി അറിഞ്ഞിരിക്കണം.