കുടുംബശ്രീ യൂണിറ്റുകള്‍ വായ്പ തിരിച്ചടവായി നല്‍കിയ പണം പഞ്ചായത്ത് ഉദ്യോഗസ്ഥ വ്യാജ രസീത് നല്‍കി തട്ടിയെടുത്തു. ഫിനാന്‍സ് വിഭാഗത്തിന്‍റെ ഓഡിറ്റിലാണ് വയനാട് മീനങ്ങാടി പഞ്ചായത്തിലെ ക്രമക്കേട് പുറത്തുവന്നത്. മുന്‍പ് അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്നയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി
സംരംഭങ്ങള്‍ തുടങ്ങാനായി വായ്പയെടുത്ത കുടുംബശ്രീ യൂണിറ്റുകളാണ് തട്ടിപ്പിനിരയായത്. വായ്പ തിരിച്ചടവ് ബാങ്കില്‍ അടയ്ക്കുന്നതിനായി ഓരോ മാസവും കൃത്യമായി പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസില്‍ അടച്ചു. രസീതും ലഭിച്ചു. വായ്പയെടുത്ത തുക പൂര്‍ണമായും അടച്ചുതീര്‍ത്തതിന്‍റെ ആശ്വാസത്തില്‍ കുടുബശ്രീ അംഗങ്ങളും. പക്ഷെ, ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കുടുംബശ്രീ ഓഫീസില്‍ അടച്ച തുകയൊന്നും ബാങ്കിലെത്തിയില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് ഒരു സംഘത്തിലെ ഭാരവാഹികളോട് ഓഡിറ്റ് സംഘം രസീതുമായി ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴാണ് രസീതുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.
പിന്നാലെ മീനങ്ങാടി പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി പൊലീസിൽ പരാതി നൽകി. മുൻപ് കുടുംബശ്രീ അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. വ്യാജ രസീത് ബുക്ക് നിർമ്മിച്ച് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് ഇതുവരെയുള്ള വിവരം. എട്ടു സംഘങ്ങളുടെ പണം ബാങ്കിലെത്തിയിട്ടില്ല. തട്ടിപ്പിന് പിന്നില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് സമഗ്രമായ അന്വേഷണത്തിലൂടെ അറിയാനാകും.