അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം പാതിവഴിയിൽ നിലച്ചതോടെ, ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ ദുരിതം പേറുകയാണ് വയനാട്ടിൽ ഒരു നിർധന കുടുംബം. കാൻസർ ബാധിച്ച് ഇരുകാലുകളും നഷ്ടപ്പെട്ട ഗൃഹനാഥനും, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം ഉപേക്ഷിച്ച് ഉപജീവനം തേടിയിറങ്ങിയ പ്ലസ്ടു വിദ്യാർഥിയായ മകനും ഇവിടെ നോവായി മാറുന്നു. ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് നാലു വർഷമായിട്ടും പൂർത്തിയാകാത്തത് മൂലം ജീവിതത്തിൽ വഴിമുട്ടി നിൽക്കുന്ന ഒരു കുടുംബത്തിന്റെ ദുരിത കാഴ്ചകളിലേക്ക്.

കവുങ്ങിൻ തടി കൊണ്ടുണ്ടാക്കിയ കൊച്ചുകൂരയ്ക്കുള്ളിൽ വലിയൊരു സങ്കടക്കടൽ ഒളിപ്പിച്ചുവെച്ച് ജീവിക്കുന്നത് ആറുപേരാണ്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന, ഈ ഷെഡ്ഡിലാണ് ഇവർ അന്തിയുറങ്ങുന്നത്. 2010 ൽ കാൻസർ എന്ന മഹാരോഗം കുടുംബനാഥനായ വയനാട് മേപ്പാടി സ്വദേശി രാഘവനെ വേട്ടയാടി. ജീവൻ നിലനിർത്താനായി ഒടുവിൽ രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടി വന്നു. സർക്കാർ കനിഞ്ഞാൽ ചോർന്നൊലിക്കാത്ത ഒരു വീട്ടിലേക്ക് മാറാമെന്ന ഇവരുടെ പ്രതീക്ഷയും ഇപ്പോൾ അസ്തമിച്ചിരിക്കുകയാണ്. ലൈഫിൽ വീടുപണിക്കായി ഇതുവരെ ലഭിച്ചത് രണ്ടര ലക്ഷം രൂപ. അമ്പതിനായിരത്തിലേറെ രൂപ സ്വന്തം കൈയ്യിൽ നിന്നെടുത്തു. എന്നാൽ കൈയ്യിൽ ആകെയുണ്ടായിരുന്ന സമ്പാദ്യവും തീർന്നതോടെ കഴിഞ്ഞ രണ്ടര മാസമായി പണി പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. 

ഈ തീരാദുരിതങ്ങൾക്കിടയിലും പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ഒരു മകനുണ്ട് ഇവർക്ക്. എന്നാൽ പഠിക്കാൻ മിടുക്കനായ അവനെ കാത്തിരുന്നത് കോളജ് വരാന്തകളായിരുന്നില്ല. സ്വന്തം കുടുംബത്തിന്റെ വിശപ്പകറ്റാൻ അടുത്തുള്ളൊരു കടയിലെ ജോലിയായിരുന്നു. അവന്‍റെ സ്വപ്നങ്ങൾക്ക് മുന്നിൽ അവൻറെ ദൃശ്യങ്ങളുടെ ആവശ്യമില്ല. കാണേണ്ടത് പാതിവഴിയിൽ നിൽക്കുന്ന ഈ വീടാണ്. ഈ ഇരുണ്ട ജീവിതത്തിന് വെളിച്ചമാകേണ്ടത് സർക്കാർ ആണ്.

ENGLISH SUMMARY:

A destitute family in Wayanad is facing immense hardship in a leaking hut as their dream of a secure home remains unfulfilled. The father, who lost both legs to cancer, and his son, who abandoned his studies to work, are grappling with financial difficulties, highlighting the plight of a family whose Life Mission housing project has been stalled for four years.