വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നാടിനെ നടുക്കിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. എന്നിട്ടും അധികാരികളുടെ വാഗ്ദാനങ്ങൾ വെറും പാഴ്‌വാക്ക്. മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇനിയും ലഭിച്ചിട്ടില്ല. ചികിത്സയ്ക്ക് പോലും പണമില്ലാതെ ദുരിതത്തിലാണ് ദുരന്തത്തെ അതിജീവിച്ചവർ.
മരണത്തിന്‍റെ വക്കിൽനിന്നും തലനാരിഴയ്ക്കാണ് മീനാക്ഷി എസ്റ്റേറ്റിലെ സെൽവരാജും കൂടമ്മാളും ജീവിതത്തിലേക്ക് ഓടിക്കയറിയത്. ആ ഓട്ടം അവസാനിച്ചതാകട്ടെ തീരാത്ത ദുരിതങ്ങളിലേക്കാണ്. അപകടത്തിൽ കൂടമ്മാളുടെ കൈക്ക് സാരമായി പരുക്കേറ്റിരുന്നു.
കഴിഞ്ഞ 13 ദിവസമായി ഇരുവര്‍ക്കും പണിക്ക് പോകാനായിട്ടില്ല. അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തിയിരുന്നവർക്ക് ഇന്ന് മരുന്നിന് പോലും പണമില്ലാത്ത അവസ്ഥയാണ്. തുടർ ചികിത്സ നടത്താനാകാതെ ഇവരുടെ കുടുംബം പ്രതിസന്ധിയിലാണ്.
അപകടത്തിൽ പരുക്കേറ്റവർക്ക് സർക്കാർ രണ്ട് ലക്ഷം രൂപയും, കമ്പനി രണ്ടര ലക്ഷം രൂപയും നൽകുമെന്നായിരുന്നു പ്രഖ്യാപനം. മരിച്ച എട്ടുപേരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതവും, പരുക്കേറ്റ ഒമ്പത് പേർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകാൻ 58 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും അനുവദിച്ചതായി അറിയിപ്പും വന്നു. ഈ തുക കൊങ്കൺ റെയിൽവേ ലഭ്യമാക്കിയ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ ജില്ലാ കലക്ടർക്ക് സർക്കാർ അനുമതിയും നൽകി.
പ്രഖ്യാപനങ്ങളുടെ പെരുമഴയുണ്ടാകുമ്പോഴും, അർഹതപ്പെട്ട സഹായം അത്യാവശ്യഘട്ടത്തിൽ ലഭിക്കുന്നില്ല എന്നത് വലിയൊരു അനാസ്ഥയാണ്. പരുക്കേറ്റ് ഉപജീവനം നിലച്ചവരുടെ കണ്ണീരൊപ്പാൻ അധികാരികൾ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.