മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവിൽ നീതി ലഭിക്കാതെ യുവതി. മാസങ്ങൾക്ക് മുമ്പ് പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ തുണി കഷ്ണം മറന്നുവച്ച യുവതിയുടെ ആരോഗ്യനില വഷളായി. നിലവിലെ സാഹചര്യത്തിൽ പുതിയ സർക്കാർ കരുണ കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് യുവതി മനോരമ ന്യൂസിനോട് പറഞ്ഞു.
പ്രസവ വേദനയേക്കാൾ നീറുന്ന വേദനയാണ് ഈ 21കാരിക്ക്. പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ തുണിക്കഷണം മറന്നുവെച്ച അനാസ്ഥയ്ക്കെതിരെ ഒന്നും ചെയ്യാൻ എൽഡിഎഫ് സർക്കാർ ശ്രമിച്ചിട്ടില്ല. മുൻ ആരോഗ്യ മന്ത്രി വീണ ജോർജ് ഫോണിൽ വിളിച്ച് പിന്തുണ വാഗ്ദാനം ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല. ആരോഗ്യപ്രശ്നങ്ങള് കൂടുതൽ വഷളാവുകയാണ് ഇപ്പോൾ. ദിനംപ്രതി ക്ഷീണവും തളർച്ചയും കൂടിക്കൊണ്ടേ ഇരിക്കുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്. ഇതിന് ശേഷം പല തവണ വയറുവേദനയുണ്ടായി. അതിനിടെ ഡിസംബർ 28ന് യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം പുറത്ത് വന്നു. ഇതോടെയാണ് ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്കും പൊലീസിനും യുവതി പരാതി നൽകിയത്. യുവതിയുടെ ശരീരത്തിൽ നിന്ന് ലഭിച്ച തുണിക്കഷ്ണങ്ങൾ ആരോഗ്യ വകുപ്പും പൊലീസും ശാസ്ത്രീയ പരിശോധനക്കായി ശേഖരിച്ചുവെന്നാല്ലാതെ ഇതിനപ്പുറം യാതൊരു നടപടിയും ഉണ്ടായില്ല.
ഫൊറൻസിക് റിപ്പോർട്ട് വരട്ടെ എന്ന ഒഴുക്കൻ മറുപടിയാണ് അധികൃതർ ഇപ്പോൾ നൽകുന്നത്. പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാരെങ്കിലും ഈ ദുരിതക്കയത്തിൽ നിന്ന് മോചിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷയിലാണ് യുവതിയും കുടുംബവും.