churam

റോഡ് വീതികൂട്ടൽ ജോലികൾ പുരോഗമിക്കുന്നതിനിടെ മഴ ശക്തമായതോടെ കുറ്റ്യാടി ചുരത്തിലൂടെയുള്ള യാത്ര അപകടഭീഷണിയില്‍. സംരക്ഷണ ഭിത്തികളില്ലാത്ത ഭാഗങ്ങളും ഓവുചാൽ നിർമാണത്തിനായി കിളച്ചിട്ട റോഡുകളും യാത്രക്കാർക്ക് വെല്ലുവിളിയാകുകയാണ്. ഇതിനുപുറമെ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു.

വയനാട്ടിലേയ്ക്കുള്ള പ്രധാന പാതകളിലൊന്നായ കുറ്റ്യാടി ചുരത്തിൽ ചുങ്കക്കുറ്റി മുതൽ ഒന്നാം വളവ് വരെ നാല് കിലോമീറ്റർ ദൂരത്തിലാണ് റോഡ് വീതികൂട്ടലും സംരക്ഷണ ഭിത്തികൾ ശക്തിപ്പെടുത്തുന്നതുമായ പ്രവൃത്തികൾ നടക്കുന്നത്. മൂന്നാം വളവിലും വാളാംതോട് ഭാഗത്തും ഓവുചാൽ നിർമാണം പുരോഗമിക്കുന്നതിനാൽ അവധി ദിവസങ്ങളിലടക്കം രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയും ശക്തമാണ്. ഏഴാം വളവിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ഒരു കാർ അഞ്ചടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞ സംഭവവും അടുത്തിടെ ഉണ്ടായി. അപകടങ്ങൾ പതിവാകുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യങ്ങളിൽ ഭാരമുള്ളവാഹനങ്ങൾ കൂടുതലായും കുറ്റ്യാടി ചുരം വഴിയാണ് കടന്നുപോകുന്നത്. റോഡിലെ തിരക്കും അപകടസാധ്യത വർധിപ്പിക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

മഴക്കാലം ശക്തമാകുന്നതിന് മുന്‍പ് നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

ENGLISH SUMMARY:

Kuttiyadi Churam road works are currently underway, facing significant challenges due to heavy monsoon rains and potential landslides. The ongoing road widening and construction activities, including the absence of retaining walls and excavated road sections, pose serious safety risks to travelers along this vital route to Wayanad.