ചൂരല്‍മല– മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കുള്ള ആദ്യ ഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പിലെത്തി ഗുണഭോക്താക്കള്‍. 178 വീടുകളുടെ താക്കോല്‍ദാനം ബുധനാഴ്ച നടക്കുമെങ്കിലും അനുബന്ധ നിര്‍മാണം തുടരുന്നുന്നതിനാല്‍ വീടുകളിലേക്കുള്ള താമസം വൈകും.
ഉരുള്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ വീടുകളുടെ നറുക്കെടുപ്പിനായി മേപ്പാടിയില്‍ ഒത്തുചേര്‍ന്നത് വൈകാരിക നിമിഷമായി മാറി. ആദ്യഘട്ടത്തില്‍ വീടുകള്‍ ലഭിച്ച 178 കുടുംബങ്ങളില്‍ ഏതാനും പേര്‍ ടൗണ്‍ഷിപ്പില്‍ അവര്‍ക്ക് അനുവദിച്ച വീടുകള്‍ കാണാന്‍ എത്തി. ഒന്നും മൂന്നും നാലും സോണുകളില്‍ പൂര്‍ത്തിയായ വീടുകളാണ് കൈമാറുന്നത്. ഈ മാസം 25ന് വീടുകളുടെ താക്കോല്‍ദാനം നടക്കുമെങ്കിലും ഇവര്‍ക്ക് അന്ന് തന്നെ വീട്ടില്‍ താമസം തുടങ്ങാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായേക്കില്ല. തൊട്ടടുത്ത് വീടുകളുടെ നിര്‍മാണം നടക്കുന്നതും റോഡ് അടക്കമുള്ള അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതുമാണ് കാരണം. വീടുകള്‍ ലഭ്യമായതില്‍ സന്തോഷമുണ്ടെന്നും കടമുറികളുടെയും സംരംഭങ്ങളുടെയും നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും ദുരന്തബാധിതര്‍ ആവശ്യപ്പെട്ടു.
പുതിയ വീടുകളിലെ കുടിവെള്ളത്തിന്‍റെയും വൈദ്യുതിയുടെയും ബില്ല് മൂന്ന് മാസം സൗജന്യമായിരിക്കും. ആദ്യഘട്ടത്തില്‍ കൈമാറേണ്ട വീടുകളുടെ മിനുക്കുപണികള്‍ കല്‍പ്പറ്റ ബൈപ്പാസിലെ ടൗണ്‍ഷിപ്പില്‍ പുരോഗമിക്കുകയാണ്. രണ്ടായിരം തൊഴിലാളികളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്.