TAGS

ഗോത്രവിഭാഗങ്ങളുടെ സാഹോദര്യത്തിന്‍റെ നേര്‍ക്കാഴ്ച ഒരുക്കി വയനാട് പാക്കം തിരുമുഖത്ത് ഉച്ചാല്‍ വിരുന്ന്.  കുറുമ സമുദായത്തിന്‍റെ പരമ്പരാഗത ആഘോഷമായ ഉച്ചാലില്‍ നൃത്തവും വാദ്യോപകരണങ്ങളുമായി വിവിധ വിഭാഗങ്ങള്‍ അണിചേര്‍ന്നു. പാക്കം തിരുമുഖത്തെ ആല്‍മരചുവട്ടിലേക്ക് വൈകീട്ട് വിരുന്നുകാര്‍ എത്തി. വാദ്യോപകരണങ്ങളും പരമ്പരാഗത ആയുധങ്ങളുമായി വന്ന ഗോത്ര വിഭാഗങ്ങളെ ശേഖരന്‍ മൂപ്പനും സംഘവും ചേര്‍ന്ന് സ്വീകരിച്ചു. ഇനി വാദ്യോപകരണങ്ങള്‍ പാകപ്പെടുത്തുന്ന തിരക്കാണ്.

കുറുമ സമുദായത്തിന്‍റെ ഗോത്രാചാരമായ ഉച്ചാല്‍ ആഘോഷം അങ്ങനെ തുടങ്ങുകയായി. ഊരാളി, പണിയ, നായ്ക, അടിയ വിഭാഗങ്ങള്‍ അതിഥികളായാണ് ഇവിടെ എത്തുന്നത്. തപ്പയും കുഴലുമായി എല്ലാവരും നൃത്തത്തിന്‍റെയും വാദ്യമേളങ്ങളുടെയും ഭാഗമാകും.  ദൈവംതുള്ളല്‍, ദൈവംകാണല്‍ എന്നിവയെല്ലാം ഉച്ചാലിന്‍റെ ഭാഗമാണ്. വരും വര്‍ഷങ്ങളിലെ കൃഷി, കന്നുകാലി പരിപാലനം എല്ലാം ഐശ്യര്യമുള്ളതായി മാറും എന്നാണ് സങ്കല്‍പ്പം.

മകരക്കൊയ്ത്ത് കഴിഞ്ഞ് കുംഭ മാസത്തിലേക്ക് കടക്കുന്ന മൂന്ന് ദിവസമാണ് ആഘോഷം. ഇത് രാവേറെ തുടരും. നായാട്ട് ഇല്ലാതായതോടെ ആയുധങ്ങളുടെ ഉപയോഗം പ്രതീകാത്മകമായി മാത്രം ചുരുങ്ങി. എങ്കിലും എല്ലാ ഗോത്രവിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന എന്ന പ്രത്യേകത ഉച്ചാലിനുണ്ട്. ആയുധങ്ങള്‍ ആരാധനാമൂര്‍ത്തിക്ക് സമര്‍പ്പിച്ച് ദക്ഷിണയും നെല്ലും വാങ്ങി അടുത്ത വര്‍ഷം കാണാമെന്ന് പറഞ്ഞ് ഉപചാരം ചൊല്ലിയാണ് മടക്കം.

ENGLISH SUMMARY:

The Uchal festival in Wayanad's Pakkam Thirumukham showcases tribal harmony with a grand feast. This traditional Kuruma community celebration features unique dances and musical instruments, bringing together various tribal groups.