കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ അമിത ജോലിഭാരം ചര്‍ച്ചയാകുമ്പോള്‍ മുന്‍നിര കമ്പനികളോട് കിടപിടിക്കുന്ന ആശയങ്ങളും ജോലി സാഹചര്യങ്ങളും കൊണ്ട് വേറിട്ടുനില്‍ക്കുകയാണ് വയനാട് മാനന്തവാടിയിലെ വാട്‌സാ എനര്‍ജി. ജിമ്മും ഷട്ടില്‍ കോര്‍ട്ടുമുള്ള ഗ്രാമീണ മേഖലയിലെ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയെ പരിചയപ്പെടാം. ഓഫിസില്‍ തന്നെ ജിമ്മുള്ളപ്പോള്‍ എന്തിനാണ് പുറത്ത് പോകുന്നത്. വാട്‍സാ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ‍് എന്ന കമ്പനി ഇങ്ങനെയാണ്.
ഓഫിസിന്‍റെ ചട്ടക്കൂടില്‍ ഒതുങ്ങി ആരും ഇവിടെ ജോലി ചെയ്യേണ്ടതില്ല. ജിമ്മും ഷട്ടില്‍ കോര്‍ട്ടും ഓഫിസിന്‍റെ ഭാഗം തന്നെയാണ്. അപ്പോള്‍ ഈ ഓഫിസ് എന്താണ് എന്ന ചോദ്യം വരും. ഒന്‍പതുവര്‍ഷം മുന്‍പ് ബാണാസുരഡാമില്‍ രാജ്യത്തെ ആദ്യത്തെ ഫ്ലോട്ടിങ് സൗരോര്‍ജപ്പാടം നിര്‍മിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് വാട്‌സാ എനര്‍ജി. വയനാട് എന്‍ജിനീയറിങ് കോളജിലെ സൗഹൃദ കൂട്ടായ്മയുടെ ഭാഗമായ അജയ് തോമസും വി.എം.സുധിനുമാണ് കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്നത്. ഗൂഗിളും മെറ്റയുമായി കിടപിടിക്കുന്ന ജോലി സാഹചര്യങ്ങള്‍ കേരളത്തിലെ ഗ്രാമീണ മേഖലയിലും സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിച്ചതിന്‍റെ ഫലമാണ് കൊയിലേരിയിലെ ഈ ഓഫിസെന്ന് ഇവര്‍ പറയും.
ഗ്രാമീണ മേഖലയില്‍ ഇങ്ങനെ ഒന്ന് സാധ്യമാണോ എന്ന് ചിന്തിച്ചവരുണ്ട്. പുറമേ നിന്ന് നോക്കുമ്പോള്‍ ഒരു വീട് എന്നേ നമുക്ക് തോന്നൂ.. വാട്സാ പവര്‍ റൂഫ് എന്ന പേരില്‍ പേറ്റന്‍റ് ലഭിച്ച ഇന്‍റഗ്രേറ്റഡ‍് സോളാര്‍ മേല്‍ക്കൂരയാണ് ഓഫിസിനുള്ളത്. എല്ലാവരും വലിയ ടെന്‍ഷന്‍ അടിച്ച് ജോലിചെയ്യുന്ന ഇക്കാലത്ത് സ്വകാര്യ മേഖലയില്‍ മാത്രമല്ല. പൊതുമേഖലയിലും ഇത്തരം ഓഫിസുകള്‍ പരീക്ഷിക്കാമെന്ന് പറഞ്ഞുവയ്ക്കുകയാണ് ഇവര്‍.