സംരക്ഷിത സ്മാരകമായ വയനാട് മാനന്തവാടിയിലെ പഴശി കുടീരത്തിന് സമീപം വ്യാപകമായി മണ്ണിടിച്ച് നികത്തുന്നു. യാതൊരു അനുമതിയും ഇല്ലാതെ മണ്ണിടിക്കുന്നത് പഴശി സ്മാരകത്തിന് വലിയ ഭീഷണിയായി മാറുകയാണ്.

പുരാവസ്തു വകുപ്പി്‍റെ സ്ഥലത്ത് നിന്ന് മൂന്ന് മീറ്റർ വിട്ടു മാത്രമേ മണ്ണ് നീക്കം ചെയ്യാവൂ എന്നതാണ് വ്യവസ്ഥ. ഇതുകൂടാതെ തൊട്ടടുത്ത ഖനന പ്രവർത്തനങ്ങൾക്ക് എൻഒസിയും നിർബന്ധമാണ്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് മാനന്തവാടിയിലെ പഴശി കുടീരത്തിൻ്റെ ചുറ്റുമതിലിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാസങ്ങളായി മണ്ണിടിക്കുന്നത്. നൂറു മീറ്റർ പരിധിയിൽ നിർമാണം പാടില്ലെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു. അനധികൃത മണ്ണെടുപ്പിന് എതിരെ പഴശി കുടീരം അധികൃതർ മാനന്തവാടി നഗരസഭയെ സമീപിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. 

25 മീറ്റർ ആഴത്തിലാണ് മണ്ണെടുപ്പ്. മുകളിൽ നിന്ന് മണ്ണ് ഇടിഞ്ഞ് വീഴുന്ന അവസ്ഥ ഉണ്ടായാൽ അത് തൊട്ടടുത്ത ഗവൺമെൻ്റ് നഴ്സിങ്ങ് കോളജ് കെട്ടിടത്തെയും ബാധിക്കും. മണ്ണെടുപ്പിനുള്ള അനുമതി റവന്യൂ വകുപ്പിൽ നിന്ന് മാറ്റി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയതോടെ വ്യാപകമായി ക്രമക്കേടുകൾ നടക്കുന്നതായി പരാതിയുണ്ട്. സ്ഥലംമാറ്റവും ഭീഷണിയും ഭയന്ന് ഉദ്യോഗസ്ഥരും നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പകൽ സമയം ഒഴിവാക്കി രാത്രി നടക്കുന്ന മണ്ണുമാറ്റലിന് നഗരസഭയിലെ ഉന്നതർ ഒത്താശ ചെയ്യുന്നതായും പരാതി ഉയരുന്നുണ്ട്. 

ENGLISH SUMMARY:

Illegal soil excavation near the Pazhassi Raja Tomb, a protected monument in Wayanad's Mananthavady, is posing a serious threat to the historical site. Violating archaeology department regulations, private individuals are carrying out massive excavation within the restricted 100-meter zone. The 25-meter deep digging not only endangers the tomb’s perimeter wall but also threatens the nearby Government Nursing College building. Despite complaints filed by monument officials, the Mananthavady Municipality has allegedly failed to take action. Locals claim that high-ranking officials are supporting night-time soil smuggling by ignoring these blatant environmental and heritage violations.