ചൂരൽമല-മുണ്ടക്കൈ ദുരന്തത്തെ നാട് അതിജീവിക്കുന്ന ഈ ഘട്ടത്തിലും അഞ്ച് വർഷം മുൻപുണ്ടായ മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീട് തകർന്ന ഒരു കുടുംബം ഇപ്പോളും ദുരിതത്തിലാണ്. സർക്കാർ നൽകിയ ഭൂമിയിൽ വീട് നിർമാണം പൂർത്തിയാക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ് രോഗബാധിതനായ സുകുമാരന്‍റെ കുടുംബം.
2019 ആഗസ്റ്റിൽ പുത്തുമല ഉരുൾ ദുരന്തം ഉണ്ടായി കൃത്യം ഒരു വർഷം പിന്നിടുമ്പോളാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടുന്നത്. അന്ന് പുഞ്ചിരിമട്ടത്തെ മൂന്ന് വീടുകൾ പൂർണമായി തകർന്നതിൽ ഒന്ന് സുകുമാരന്‍റേതായിരുന്നു. മേപ്പാടി മുക്കിൽപീടികയിൽ സർക്കാർ നൽകിയ ഭൂമിയിൽ അഞ്ച് വർഷം കൊണ്ട് തറകെട്ടാൻ മാത്രം കഴിഞ്ഞു. ഇനി കിട്ടാനുള്ള രണ്ടര ലക്ഷം കൊണ്ട് മാത്രം പണി പൂർത്തിയാക്കാൻ കഴിയില്ല. വാടക വീടിന്‍റെ ബാധ്യതയും ഭാര്യയുടെ രോഗവും കൂലിപ്പണിക്കാരനായ സുകുമാരനെ തളർത്തുന്നു.
പുഞ്ചിരിമട്ടത്ത് പുതിയ ഒരു വീട് വച്ച് മാറുന്നതിന് തൊട്ട് മുൻപായിരുന്നു ഉരുൾ എല്ലാം കവർന്നത്. ആ വീടിനായി എടുത്ത ലക്ഷങ്ങളുടെ ബാധ്യത വേറെ. ചൂരൽമല ദുരന്തത്തിൽ പെട്ടവർക്ക് വീട് ഉയരുന്ന ഈ ഘട്ടത്തിലും തന്‍റെ കുടുംബം അവഗണിക്കപ്പെടുകയാണെന്ന് സുകുമാരൻ. സന്നദ്ധ സംഘടകൾ നിർമ്മിക്കുന്ന വീടിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. സ്പോൺസർമാരായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് സുകുമാരനും കുടുംബവും.