വയനാട് പുനരധിവാസത്തിനായി കോണ‍്‍ഗ്രസ് 50 കോടി രൂപ പിരിച്ചെന്ന് തെളിയിച്ചാല്‍ പൊന്‍ മോതിരം നല്‍കാമെന്ന് കോണ്‍ഗ്രസ് നേതാവ് വസന്ത് സിറിയക്ക്. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ചയ്ക്കിടെ സിപിഎം പ്രതിനിധി അരുണ്‍കുമാറാണ് കോണ്‍ഗ്രസ് 50 കോടി രൂപ പിരിച്ചുവെന്ന് ആരോപിച്ചത്. ആപ്പ് രസീത് കൈവശമുണ്ടെന്നും അരുണ്‍കുമാര്‍ അവകാശപ്പെട്ടു. ഇതിന് എതിര്‍ത്താണ് വസന്തിന്‍റെ വെല്ലുവിളി. 

ആരോപണം തെളിയിക്കാൻ വ്യക്തമായ രേഖകളും വിശ്വസനീയമായ തെളിവുകളും പുറത്തുവിടണമെന്ന് വസന്ത് ആവശ്യപ്പെട്ടു. സ്ക്രീൻഷോട്ട് സത്യസന്ധമാണെന്ന് ഉറപ്പിച്ചാല്‍ അരുൺ കുമാറിന് പൊൻ മോതിരം നൽകാമെന്ന് തുറന്ന വെല്ലുവിളിയും അദ്ദേഹം ഉന്നയിച്ചു. 

വയനാട് പുനരധിവാസത്തിനായി പിരിച്ചത് 5.38 കോടി എന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക്. രണ്ട് അക്കൗണ്ടുകളിലൂടെ ഇത്രയും തുക ലഭിച്ചു എന്നാണ് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വെളിപ്പെടുത്തിയത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുകളിൽ ആരംഭിച്ച രണ്ട് ജോയിന്റ് അക്കൗണ്ടുകളിലാണ് 5,38,21,632 രൂപ ലഭിച്ചത്. യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ പിരിച്ചുനൽകി. ഭൂമി വാങ്ങാൻ ഇതിലധികം ചെലവായെന്നും വീട് നിർമിക്കാനായി പാർട്ടി ഫണ്ടിൽനിന്ന് പണം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Congress leader Vasanth Siriyak has challenged CPM representative Arun Kumar to provide proof of collecting 50 crore rupees for Wayanad rehabilitation, offering a gold ring if the claim is substantiated. Congress claims to have raised 5.38 crore rupees for Wayanad rehabilitation through two accounts.