പഞ്ചായത്തുകളുടെ അവഗണനയിൽ സഹികെട്ട് വയനാട് എടവകയിൽ താത്കാലിക പാലം നിർമിച്ച് നാട്ടുകാർ. പ്രതിഷേധ സൂചകമായാണ് എടവക കാക്കഞ്ചേരിയിൽ പുഴയ്ക്ക് കുറുകേ നാട്ടുകാർ താത്കാലിക തൂക്കുപാലം നിർമിച്ചത്.
എടവക - തവിഞ്ഞാൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാക്കഞ്ചേരിയിലെ പുഴയ്ക്ക് കുറുകേ നിർമിച്ച പാലമാണ് പാടെ തകർന്നുപോയത്. ഇതോടെ അൻപതോളം കുടുംബങ്ങളുടെ വഴി അടഞ്ഞു. പഞ്ചായത്ത് അധികൃതരോട് പറഞ്ഞ് മടുത്തു. അക്കരെ എത്താൻ നാല് കിലോമീറ്റർ ചുറ്റിവളഞ്ഞുള്ള വരവും ദുരിതമായി. ഇതോടെ നാട്ടുകാർ സംഘടിച്ചു. കവുങ്ങും പാഴ്മരങ്ങളും ഉപയോഗിച്ചാണ് താത്കാലിക തൂക്കുപാലം നിർമിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സാഹസികമായ ഈ നിർമാണത്തിൽ പങ്കാളികളായി.
12 കിലോമീറ്റർ ദൂരമുള്ള പുഴയുടെ ഈ ഭാഗത്ത് ഒരിടത്തും പാലമില്ല. സ്കൂൾ വിദ്യാർഥികൾ മുതൽ കാർഷിക ഉത്പന്നങ്ങൾ കടയിൽ എത്തിക്കുന്നവർ വരെ ദുരിതം പേറുകയാണ്. സുരക്ഷിതമായ കോൺക്രീറ്റ് പാലം നിർമിക്കാൻ പുതിയ ഭരണസമിതികൾ മുൻകൈ എടുത്തില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ പറയുന്നു.