സ്ഥാനാര്‍ഥികളുടെ സ്വന്തം നാല്‍ക്കവലയാണ് വയനാട് നടവയല്‍ ജംഗ്ഷന്‍. അതിന് കാരണമുണ്ട്. മൂന്ന് പഞ്ചായത്തുകള്‍ കൂടിച്ചേരുന്ന ഇടമാണിത്. എന്നാലും സ്വന്തമായി ഒരു പഞ്ചായത്ത് ഇല്ലെന്ന പരിഭവം നടവയലുകാര്‍ക്ക് ഈ തിരഞ്ഞെടുപ്പിലും പറയാനുണ്ട്.
പതിറ്റാണ്ടുമുന്‍പ് കുടിയേറ്റക്കാര്‍ എത്തി മുഖച്ഛായ മാറ്റിമറിച്ച മണ്ണാണ് നടവയല്‍. നിയോജക മണ്ഡലങ്ങളുടെ സംഗമഭൂമി. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റയും മാനന്തവാടിയിലെ പനമരവും ബത്തേരിയിലെ പൂതാടി പഞ്ചായത്തും ഈ ജംഗ്ഷനില്‍ ഒന്നിയ്ക്കും.
പക്ഷേ സ്വന്തമായി ഒരു തദ്ദേശ സ്ഥാപനം ഇല്ലാതെ വര്‍ഷങ്ങളായി സ്വത്വ പ്രതിസന്ധി അനുഭിവിക്കുകയാണ് ഈ നാട്ടുകാര്‍.മറ്റൊരു കൗതുകം കൂടിയുണ്ട്. മൂന്ന് പഞ്ചായത്തുകളിലേയും ഈ ടൗണിനോട് ചേര്‍ന്ന ഭാഗത്തെ വാര്‍ഡിന് നടവയല്‍ എന്നുതന്നെയാണ് പേര്.
മൂന്ന് പഞ്ചായത്തിലെയും സ്ഥാനാര്‍ഥികള്‍ വോട്ടുചോദിച്ച് ഈ കവലയില്‍ കണ്ടുമുട്ടും. സ്വന്തം പേരില്‍ ഒരു പഞ്ചായത്ത് ലഭിക്കാന്‍ നടവയലിന് എന്താണ് അയോഗ്യത എന്ന് ഈ തിരഞ്ഞെടുപ്പിലും ആളുകള്‍ ചോദിക്കുന്നു.