കുടിവെള്ളം ഇപ്പോഴും ചുമന്ന് എത്തിക്കേണ്ടി വരുന്ന വയനാട് വെങ്ങപ്പള്ളിയിലെ ഉന്നതിയിൽ നിന്നാണ് യുഡിഎഫിന്റെ യുവ സാരഥി എൻ.കെ.മിഥില ജനവിധി തേടുന്നത്. പഞ്ചായത്ത് ഭരണത്തിൽ നേരിടേണ്ടി വന്ന അവഗണന സ്വന്തം അനുഭവത്തിലൂടെ വോട്ടർമാർക്ക് മുന്നിൽ വിവരിക്കുകയാണ് മിഥില.
കിണറ്റിൽ നിന്ന് വെള്ളം കോരി വീട്ടിലേക്ക് കൊണ്ടുപോകുന്ന ഇവരിൽ ഒരാൾ ഈ വാർഡിലെ സ്ഥാനാർഥിയാണ്. പേര് എൻ.കെ.മിഥില. കഴിഞ്ഞ ഒൻപത് വർഷമായി വെങ്ങപ്പള്ളി പഞ്ചായത്തിലെ നായാടിപ്പൊയിൽ ഉന്നതിക്കാരുടെ അവസ്ഥ ഇതാണ്. മോട്ടോർ കേടായി. പൈപ്പ് വെള്ളവും നിലച്ചു. ഗോത്ര വർഗ കുടുംബങ്ങളുടെ ഈ പ്രശ്നങ്ങൾ ഏറ്റെടുത്താണ് ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി മിഥില ജനങ്ങളുടെ ഇടയിലേക്ക് ഇറക്കുന്നത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ മിഥിലയെ പോലെ പഠനത്തിൽ ഏറെ മിടുക്കരാണ് ഈ ഉന്നതിയിലെ കുട്ടികൾ. പക്ഷേ സൗകര്യങ്ങൾ ഇല്ല.
കഴിഞ്ഞ അഞ്ചു വർഷം പഞ്ചായത്ത് ഭരിച്ച എൽഡിഎഫിൻ്റെ അവഗണനയാണ് പ്രചാരണ വിഷയം.തോട്ടം തൊഴിലാളികൾ മുതൽ എല്ലാ വോട്ടർമാരിലേക്കും ഈ വിഷയങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. ഗോത്ര വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഉയർത്താൻ മൂന്ന് യുവ വനിതകളെ ആണ് പഞ്ചായത്തിലെ അടുത്തടുത്ത മൂന്നു വാർഡുകളിലായി കോൺഗ്രസ് മത്സര രംഗത്തിറക്കുന്നത്.